ഡബ്ല്യു.സി.സിയെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നടന്‍ ഇന്ദ്രന്‍സ്. ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചതെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി കണ്ടുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അക്രമിക്കപ്പെട്ട നടി മകളെ പോലെത്തന്നെയാണെന്നും സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ദ്രന്‍സ് പറഞ്ഞു.
‘കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരോടും സ്‌നേഹം,’ ഇന്ദ്രന്‍സ് കുറിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സിന്റെ വിവാദപരാമര്‍ശങ്ങള്‍. സ്ത്രീകള്‍ പുരുഷനേക്കാള്‍ മുകളിലാണെന്ന് തിരിച്ചറിയാത്തവരാണ് സമത്വത്തിനുവേണ്ടി വാദിക്കുന്നതെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. ഡബ്യു.സി.സി ഇല്ലായിരുന്നു എങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമായിരുന്നുവെന്നും ഇതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Actor Indrans with an explanation on the controversial comments