| Tuesday, 13th December 2022, 11:02 am

കഥാപാത്രം ചെറുതാണോ വലുതാണോ എന്നതിലല്ല കാര്യം, നമ്മള്‍ നന്നായി ചെയ്യുക എന്നതിലാണ്: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, എന്നാല്‍ അതിനെ കുറിച്ച് ധാരണയില്ലെന്നും നടന്‍ ഇന്ദ്രന്‍സ്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകരടക്കമുള്ളവരുടെ സപ്പോര്‍ട്ട് കൊണ്ടാണ് നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നതെന്നും താരം പറഞ്ഞു. വാമനന്‍ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനെകുറിച്ച് വ്യക്തമായ ഒരു ധാരണ എനിക്കില്ല. അഞ്ചാം പാതിരയും അങ്ങനെയാണ്, കഥാപാത്രം എത്ര ചെറുതാണെങ്കിലും സംവിധായകന്‍ പറയുന്നപോലെ ഞാന്‍ ചെയ്യും. കഥാപാത്രം ചെറുതാണോ വലുതാണോ എന്നതിലല്ല കാര്യം. അത് നമ്മള്‍ ചെയ്യുക എന്നതിലാണ്.

ഓരോ പുതിയ സിനിമയിലേക്കും നമ്മള്‍ എത്തികഴിയുമ്പോള്‍, അവര്‍ തരുന്ന സപ്പോര്‍ട്ട് കൊണ്ടാണ് കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ കഴിയുന്നത്. ഈ സിനിമയിലാണെങ്കിലും ഡയറക്ടര്‍ എന്നോട് വ്യക്തമായി പറഞ്ഞിരുന്നു. മനസില്‍ പതിയുന്ന തരത്തിലാണ് അദ്ദേഹം എന്നോട് കഥ പറഞ്ഞത്. നടന്ന സംഭവങ്ങളെകുറിച്ചും പറഞ്ഞിരുന്നു.

ഞാന്‍ വായിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്തു. അങ്ങനെ മനസില്‍ സങ്കല്‍പ്പിച്ചാണ് ഞാന്‍ സിനിമ ചെയ്തത്. ഞാന്‍ നായക കഥാപാത്രമായി കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാന്‍ ഒരുപാട് സൂക്ഷിച്ചാണ് അത്തരം സിനിമകള്‍ ചെയ്യുന്നത്. തുടര്‍ച്ചയായി ഞാന്‍ നായകനായി സിനിമകള്‍ ഒന്നും ചെയ്യാറില്ല. ഒരു പക്ഷെ സിനിമകള്‍ അടുപ്പിച്ച് തിയേറ്ററില്‍ എത്തുന്നതുകൊണ്ട് നിങ്ങള്‍ക്ക് തോന്നുന്നതാവാം.

എന്റെ ഉടനെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമയാണ് ആനന്ദം പരമാന്ദം. ഹ്യൂമര്‍ എലമന്റ്‌സ് ഒരുപാടുള്ള സിനിമയാണത്. എന്നാല്‍ സീരിയസ് കഥയാണ് സിനിമ പറയുന്നത്. ശരിക്കും അതൊരു കുടുംബ ചിത്രമാണ്,’ ഇന്ദ്രന്‍സ് പറഞ്ഞു.

എ.ബി. ബിനില്‍ സംവിധാനം ചെയ്യുന്ന വാമനനാണ് ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ സിനിമ. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് വാമനന്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഡിസംബര്‍ പതിനാറിനാണ് സിനിമ തിയേറ്ററുകളിലെത്തുക.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് നിര്‍മാണം. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

CONTENT HIGHLIGHT: ACTOR INDRANS TALKS ABOUT HIS NEW MOVIE VAMANAN

Latest Stories

We use cookies to give you the best possible experience. Learn more