| Monday, 26th December 2022, 5:20 pm

ഇപ്പോഴും ആരെങ്കിലും ഭയങ്കര സ്പീഡായി ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യ വേഷങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. സിനിമയില്‍ കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന വസ്ത്രങ്ങള്‍ തയ്ക്കാന്‍ എത്തിയ താരം പിന്നീട് ചെറിയ ഹാസ്യ വേഷങ്ങളിലൂടെ നടനായി മാറുകയായിരുന്നു. ഇന്ന് ഇന്ദ്രന്‍സ് എന്ന നടന് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണ്.

യൂണിഫോമില്ലാത്തതിനാല്‍ നാലാം ക്ലാസില്‍ പഠനമവസാനിപ്പിക്കേണ്ടി വന്ന ഇന്ദ്രന്‍സ് തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ബാല്യകാലത്തെക്കുറിച്ചും സംസാരിക്കുകയാണ്.

പഠിക്കാന്‍ മിടുക്കനായ ഇന്ദ്രന്‍സ് നാലാം ക്ലാസില്‍ രണ്ട് വട്ടം ഇരുന്ന കഥ കേട്ടിട്ടുണ്ടെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘നാലാം ക്ലാസ് പരീക്ഷ എഴുതാന്‍ പറ്റാതെ വീണ്ടും ഒന്നേന്ന് നാലില്‍ കൊണ്ട് ചേര്‍ത്തു. അപ്പോഴും ഒന്നാം റാങ്കും രണ്ടാം റാങ്കുമൊക്കെ കിട്ടിയിരുന്നു. പിന്നെ മുമ്പോട്ട് പോകാന്‍ പറ്റിയില്ലന്നെ ഒള്ളു.

ഇപ്പോഴും ആരെങ്കിലും ദൂരെ നിന്ന് ഭയങ്കര സ്പീഡായി ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ടാണ് ഞാന്‍ സ്മാര്‍ട്‌ഫോണ്‍ പോലും ഉപയോഗിക്കാതെ സാധാരണ ഫോണ്‍ കൊണ്ടുനടക്കുന്നത്.

സ്മാര്‍ട് ഫോണിന് കുറേ ദോഷങ്ങളുമുണ്ട്. കൂട്ടുകാരൊക്കെ ഗുഡ് മോര്‍ണിങ്ങും ഗുഡ് നൈറ്റുമൊക്കെ പറയും. അപ്പോ നമ്മള്‍ എടുത്ത് നോക്കിയിട്ട് തിരിച്ച് ചെയ്തില്ലെങ്കില്‍ അവന്‍ അറിയും, പിന്നെ അത് മോശമാണ്. സാധാരണ ഫോണാകുമ്പോള്‍ മിസ് കോള്‍ കണ്ടാല്‍ നമ്മള് തിരിച്ച് വിളിക്കുമല്ലോ.

സമയവും പോകുമെന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോ ഞാനങ്ങ് ഒതുങ്ങി. പിന്നെ കുട്ടികള്‍ക്കൊക്കെ ഉണ്ട്. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്,’ ഇന്ദ്രന്‍സ് പറഞ്ഞു.

Content Highlight: Actor Indrans talks about his Education

We use cookies to give you the best possible experience. Learn more