| Friday, 10th January 2020, 5:41 pm

'വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ'; ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിനിമാ നടന്‍ ഇന്ദ്രന്‍സ്.

എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര്‍ ജെ.എന്‍.യുവില്‍ കാണിക്കുന്നതെന്നും എല്ലാവരും അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ടിനോടായിരുന്നു നടന്റെ പ്രതികരണം. ‘അവിചാരിതമായി കണ്ടു മുട്ടിയ സഖാക്കള്‍’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം ഇന്ദ്രന്‍സിന്റെ പ്രതികരണം കൂടി ചേര്‍ക്കുകയായിരുന്നു അമല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജെ.എന്‍.യുവിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര്‍ അവിടെ വന്ന് കാണിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സര്‍വ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ’ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്നുമാസമായി ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജനുവരി അഞ്ചിന് സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മുഖം മറച്ച ഒരു സംഘം അക്രമിച്ചിരുന്നു. അക്രമിച്ചത് എബിവിപിയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മണ്ഡി ഹൗസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പൗര മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more