ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ‘ഹോം’ എന്ന സിനിമയെയും ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്. സിനിമയുടെയും തന്റെ കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിന്റെയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ദ്രന്‍സ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും വേദന തോന്നിയതായി പറഞ്ഞ ഇന്ദ്രന്‍സ് പുതിയ പല സാങ്കേതികവിദ്യകളും തനിക്കറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘നന്നായി ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തു. പക്ഷെ അതിന്റെയൊക്കെ മുകളില്‍ എന്തോ വേദന കിടപ്പുണ്ടായിരുന്നു. എനിക്ക് തോന്നുന്നു പുതിയ തലമുറയുടെ ഒപ്പം ഓടിയെത്താന്‍ പറ്റാത്ത ഒരുപാട് മാതാപിതാക്കളുടെ വേദനയായിരിക്കും അതെന്ന് എനിക്ക് തോന്നുന്നു. പല സാങ്കേതികവിദ്യകളും എനിക്കറിയില്ല. അതുകൊണ്ട് അറിയാത്തതായി അഭിനയിക്കേണ്ടി വന്നില്ല,” ഇന്ദ്രന്‍സ് പറഞ്ഞു.
സഹതാരം മഞ്ജു പിള്ളക്കൊപ്പം അഭിനയിച്ചപ്പോഴുള്ള കെമിസ്ട്രിയെക്കുറിച്ചും താരം സംസാരിച്ചു. ”ഒലിവര്‍ ട്വിസ്റ്റിന്റെ(ഹോം) കഥ വായിച്ചപ്പോള്‍ ഒരുപാട് രസം തോന്നിയിരുന്നു, ആസ്വദിച്ചിരുന്നു. മഞ്ജുവുമായൊക്കെ മാനസികമായി നല്ല ചേര്‍ച്ചയുണ്ട്,” താരം പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സൗകര്യങ്ങളൊക്കെ ഒന്ന് രുചിച്ച് നോക്കാനുള്ള അവസരം ഈ കൊറോണ സമയത്ത് ഉണ്ടായെങ്കിലും സിനിമ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന പ്രതീക്ഷയാണ് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.
കൊറോണ സമയത്ത് സിനിമ ഇറങ്ങിയതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. ”കൊറോണയുടെ ദുഖവും നല്ല കഥാപാത്രങ്ങളുള്ള സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷവുമുണ്ട്,” ഇന്ദ്രന്‍സ് പറഞ്ഞു.
ഏറെ നിരൂപകപ്രശംസ നേടിയ മാലിക് സിനിമയിലെ ജോര്‍ജ് സക്കറിയ എന്ന കഥാപാത്രത്തെക്കുറിച്ചും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ സംസാരിച്ചു.
”ആ കഥാപാത്രത്തിന് എനിക്ക് അധികം പണിപ്പെടേണ്ടി വന്നിട്ടില്ല. മഹേഷ് നാരായണന്‍ അതുപോലെ എന്നെ ചെയ്യിച്ചെടുക്കുകയായിരുന്നു. നല്ല ഡയറക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ അതിന്റെ ഗുണം ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടും. അവരുടെതാണ് സിനിമ,” ഇന്ദ്രന്‍സ് പറഞ്ഞു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന അറുപതുകാരനായ കുടുംബനാഥന്റെ വേഷത്തിലായിരുന്നു ഇന്ദ്രന്‍സ് എത്തിയത്.
ഫോണിലും സോഷ്യല്‍ മീഡിയയിലും മുഴുകിയിരിക്കുന്ന പുതുതലമുറയും സാങ്കേതികവിദ്യയുടെ പുരോഗതിയില്‍ പിറകിലായി പോകുന്ന മുതിര്‍ന്നവരും മനുഷ്യബന്ധങ്ങളുമെല്ലാമാണ് ഹോമില്‍ കടന്നുവരുന്നത്. ഇതിനൊപ്പം മാനസികാരോഗ്യത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
മഞ്ജു പിള്ള, നസ്‌ലന്‍, ശ്രീനാഥ് ഭാസി, ദീപ തോമസ്, ജോണി ആന്റണി, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Indrans shares Home movie shooting experience