കോഴിക്കോട്: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് പിന്നാലെയാണ് മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സജീവമായത്. നിരവധി സിനിമകളാണ് ഇതിനോടകം ഒ.ടി.ടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹോം എന്ന സിനിമ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമെയത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റോജിന്‍ തോമസാണ്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നത് വഴി സിനിമയ്ക്ക് പുതിയൊരു തട്ടകം കൂടി ലഭിച്ചിരിക്കുകയാണെന്ന് പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘സിനിമയ്ക്കകത്ത് തന്നെ പുതിയ രീതികള്‍ വരികയാണ്. കുറച്ചുകാലം മുന്‍പ് വരെ എല്ലാവരും സിനിമ തിയേറ്ററില്‍ തന്നെ പോയി കാണണം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്.ഇപ്പോള്‍ ഈ പ്ലാറ്റ്‌ഫോമിലുണ്ട്, എവിടെയെങ്കിലുമിരുന്ന് സിനിമ കാണണം എന്നാണ് ഞാന്‍ പറയുന്നത്,’ ഇന്ദ്രന്‍സ് പറഞ്ഞു.
കൊവിഡിന് ശേഷം തിയേറ്റര്‍ വീണ്ടും സജീവമാകുമെന്നും അപ്പോഴും സമയമില്ലാത്തവര്‍ക്ക് കാണാന്‍ ഈ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായിട്ട് നില്‍ക്കുമെന്നും ഇന്ദ്രന്‍സ് പറയുന്നു.
ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
അതേസമയം ചിത്രത്തിന്റെ മേക്കിങ്ങും പെര്‍ഫോമന്‍സുകളും മികച്ച അഭിപ്രായം നേടിയപ്പോഴും അവതരിപ്പിച്ചിരിക്കുന്ന ചില ആശയങ്ങളോടുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.