ഇഷ്ടം ഇടതുപക്ഷത്തോട്; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
Home Movie
ഇഷ്ടം ഇടതുപക്ഷത്തോട്; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd August 2021, 11:55 am

കൊച്ചി: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങളിലൂടെ വന്ന് ക്യാരക്ടര്‍ റോളുകളില്‍ ഇപ്പോള്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും പറയുകയാണ് താരം. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടതുപക്ഷ രാഷ്ട്രീയത്തോടാണ് തനിക്ക് ഇഷ്ടമെന്ന് ഇന്ദ്രന്‍സ് പറയുന്നു. രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ട് എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

എം.എല്‍.എയാവുന്നതും മന്ത്രിയാവുന്നതുമെല്ലാം വലിയ ഉത്തരവാദിത്തമുള്ള  ജോലിയാണെന്നും അതിനൊന്നും താനില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയം ഉള്ളില്‍ ഉണ്ടായാല്‍ മതി. എല്ലാവരുടെയും പിന്തുണയോടെയാണ് മത്സരിച്ച് ജയിക്കുന്നത് എന്ന് വിജയിക്കുന്നവര്‍ ഓര്‍ക്കണം,’ അദ്ദേഹം ഓര്‍മപ്പെടുത്തി.

വ്യക്തിപരമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതെല്ലാം മാറ്റിവെച്ച് വേണം പ്രവര്‍ത്തിക്കാന്‍. കാരണം അത് പറഞ്ഞല്ലല്ലോ എല്ലാവരും അവരെ (ജനപ്രതിനിധികളെ) സ്വീകരിച്ചത് എന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും രാഷ്ട്രീയം വേണമെന്നും ആരേയും നോവിക്കാതെ നിലപാട് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ താനിപ്പോള്‍ സിനിമയാണ് ചെയ്യുന്നത്, അതാണ് തന്റെ രാഷ്ട്രീയമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഭാര്യ ശാന്ത രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടെന്നും തന്നെക്കാള്‍ വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആട് എന്ന സിനിമയിലെ പി.പി ശശിയുടെ കഥാപാത്രം അഭിനയിച്ച ശേഷം ഭയം തോന്നിയിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

‘അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണി ആശാന്‍ (എം.എം. മണി) അവിടെ ഉണ്ട് എന്ന് അറിയുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ദൂരേ നിന്ന് ഓടിവന്ന് എന്നെ കെട്ടിപിടിച്ചപ്പോഴാണ് സമാധാനമായത്,’ അദ്ദേഹം പറഞ്ഞു.

അദ്ദേഹം സിനിമ വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെ അവതരിപ്പിച്ച ഇന്ദ്രന്‍സ് മികച്ച അഭിപ്രായമാണ് നേടിയത്.

ഫോണിലും സോഷ്യല്‍ മീഡിയയിലും മുഴുകിയിരിക്കുന്ന പുതുതലമുറയും സാങ്കേതികവിദ്യയുടെ പുരോഗതിയില്‍ പിറകിലായി പോകുന്ന മുതിര്‍ന്നവരും മനുഷ്യബന്ധങ്ങളുമെല്ലാം സിനിമയില്‍ വിഷയമായിരുന്നു. ഇതിനൊപ്പം മാനസികാരോഗ്യത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

മഞ്ജു പിള്ള, നസ്‌ലന്‍, ശ്രീനാഥ് ഭാസി, ദീപ തോമസ്, ജോണി ആന്റണി, കൈനകരി തങ്കരാജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Indrans Home Movie Left Politics