വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്ക് ഉണ്ടായിരുന്നു; തുടര്‍ഭരണം ഉറപ്പെന്ന് ഇന്ദ്രന്‍സും ഹരിശ്രീ അശോകനും
കണ്ണൂര്‍: കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ഇന്ദ്രന്‍സ്. മുഖ്യമന്ത്രിയുടെ പിണറായില്‍ നടന്ന റോഡ്‌ഷോയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയവും ദുരന്തങ്ങളും വന്ന് പോയപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്ന കാലത്ത് നമ്മള്‍ അന്നം കഴിക്കുന്നുണ്ടോ, നമുക്ക് വസ്ത്രമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം കാവുകളിലെ കുരങ്ങന്മാരും വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കേരളത്തിന് തുടര്‍ഭരണം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് മുമ്പും നിരവധി മുഖ്യമന്ത്രിമാര്‍ വന്നു പോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ നമ്മള്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ദുരന്തങ്ങളും പ്രളയങ്ങളും വന്നുപോയി, അന്നൊക്കെ എന്തു ചെയ്യുമെന്ന് നമ്മള്‍ പകച്ച് നിന്നപ്പോള്‍, ഒരു കാരണവരെ പോലെ നിന്ന്, നമുക്ക് അന്നമുണ്ടോ, വസ്ത്രമുണ്ടോ, കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനോടൊപ്പം തന്നെ കാവുകളിലെ കുരങ്ങനും, തെരുവില്‍ കഴിയുന്ന പട്ടിയും പൂച്ചയും വരെ എപ്പോഴും ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്ക് ഉണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ട് വരണം. അതിന് നമുക്ക് ഈ കുടുംബം നിലനിര്‍ത്തേണ്ടതുണ്ട്. എല്ലാ പ്രിയപ്പെട്ട സഖാക്കള്‍ക്കും അഭിനന്ദനങ്ങള്‍,’ എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിന് അര്‍ഹരാണെന്ന് നടന്‍ ഹരിശ്രീ അശോകനും പറഞ്ഞു. ഇനി ഭരിക്കാന്‍ പോകുന്ന അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാന്‍ പോകുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിപ കൊവിഡ്, പ്രളയം തുടങ്ങി എല്ലാ കെടുതികളും ഉണ്ടായിട്ടുള്ള ഒരു വര്‍ഷമായിരുന്നു നമ്മള്‍ കണ്ടത്. ആ സമയത്തും മക്കളെ കൈവെള്ളയില്‍ നിര്‍ത്തിക്കൊണ്ട്, ഒരു പോറലുപോലും ഏല്‍പ്പിക്കാതെ വളരെ നന്നായിട്ട് കാത്തു സൂക്ഷിച്ച സഖാവ് പിണറായി വിജയന്‍ തുടര്‍ഭരണത്തിന് അര്‍ഹമാണെന്ന കാര്യം ഉറപ്പാണ്. ഇനി ഭരിക്കാന്‍ പോകുന്ന അഞ്ചുവര്‍ഷവും ഇതിന്റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാന്‍ പോകുന്നത്. അതിനുള്ള തയ്യാറെടുപ്പുകളും അണിയറയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക