| Tuesday, 24th August 2021, 4:15 pm

ഭയം കാരണം മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒഴിവാക്കുമായിരുന്നു; പഴയകാല സിനിമാനുഭവങ്ങള്‍ പറഞ്ഞ് 'ഒലിവര്‍ ട്വിസ്റ്റ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോം സിനിമയുടെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പഴയകാല സിനിമാനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്.

പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ സിനിമ ചെയ്യാന്‍ പേടിയായിരുന്നെന്ന് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറയുന്നു.

‘സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞുപടങ്ങളായിരുന്നല്ലോ. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പിലല്ലേ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാ. എന്റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. ഞാന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി,’ ഇന്ദ്രന്‍സ് പറയുന്നു.

പിന്നീട് സംവിധായകന്‍ പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി കാരണം വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

‘പത്മരാജന്‍ സാറിന്റെ കൂടെ കൂടിയപ്പൊഴത്തേക്ക് തയ്യില്‍ക്കാരനെന്ന നിലയ്ക്ക് എനിക്ക് ഒരു നിലയും വിലയുമൊക്കെ വന്നു. അപ്പൊ വലിയ പടങ്ങളൊക്കെ വന്നു. കുറെ കുഞ്ഞ് പടങ്ങളുണ്ട്. എന്തിന് വെറുതെ ടെന്‍ഷന്‍ എന്ന് കരുതി അത് ഒഴിവാക്കുമായിരുന്നു,’ താരം പറഞ്ഞു.

”ഞാന്‍ ബോള്‍ഡ് ഒന്നുമല്ല. ഞാനിങ്ങനെ ഒരവസരം കാത്തിരിക്കുവല്ലേ. ഞാന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെതന്നെ നിക്കുവാ.” ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഹോം’ ആണ് ഇന്ദ്രന്‍സിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്രകഥാപാത്രം ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. മാലിക് സിനിമയിില്‍ ഇന്ദ്രന്‍സ് ചെയ്ത പൊലീസ് കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Indrans About Mohanlal Mammootty Films

We use cookies to give you the best possible experience. Learn more