| Friday, 9th December 2022, 6:18 pm

കല്‍പനയും മഞ്ജു പിള്ളയുമൊക്കെ പ്രത്യേകത കഴിവുള്ള നടിമാരാണ്, വേറെ ആര്‍ക്കും ആ കഴിവില്ല: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ കല്‍പന, മഞ്ജു പിള്ള, സീമ ജി.നായര്‍ എന്നിവര്‍ക്ക് പ്രത്യേക കഴിവാണെന്ന് നടന്‍ ഇന്ദ്രന്‍സ്. താന്‍ സെലക്ടീവായിട്ടല്ല സിനിമകള്‍ ചെയ്യുന്നതെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സീമ ജി.നായര്‍ വളരെ ഉത്സാഹിയായ നടിയാണ്. സര്‍വവ്യാപിയായി നില്‍ക്കുന്ന ഒരാളാണ്. ഏത് കഥാപാത്രം ചെയ്യുമ്പോഴും ആള്‍ക്കൊരു പ്രത്യേകതയുണ്ട്. അപൂര്‍വം ചില നടിമാര്‍ക്ക് മാത്രമാണ് ആ പ്രത്യേകതയുള്ളത്. അങ്ങനെയൊരാളാണ് സീമ. കല്‍പ്പന, മഞ്ജു പിള്ള ഇവര്‍ക്കൊക്കെ മാത്രം പറ്റുന്ന ചില കഥാപാത്രങ്ങളുണ്ട്.

ഇവര്‍ കൊടുക്കുന്ന ചെറിയ റിയാക്ഷന്‍ പോലും വളരെ രസമാണ്. അത് വേറെ ആര്‍ക്കും പറ്റില്ല. ശബ്ദത്തിന്റെ വ്യത്യാസമൊക്കെ വെച്ച് ഇവരെ നമുക്ക് തിരിച്ചറിയാന്‍ കഴിയും. സീമയുടെ കാര്യം പറയുകയാണെങ്കില്‍ ആള്‍ ഭയങ്കര പാവമാണ്. കൂടെ വര്‍ക്ക് ചെയ്യാനൊക്കെ എളുപ്പമാണ്.

ഞാന്‍ സെലക്ടീവായി സിനിമ ചെയ്യുന്ന ഒരാളല്ല. ആദ്യമൊക്കെ വരുന്ന എല്ലാ സിനിമയും ഞാന്‍ ചെയ്യുമായിരുന്നു എന്നാല്‍ ഇപ്പോള്‍ ചെറിയ മാറ്റമൊക്കെ വന്നിട്ടുണ്ട്. കഥകേള്‍ക്കുമ്പോള്‍ ആരൊക്കെ കൂടെ അഭിനയിക്കുന്നു എന്ന് ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. എന്നിട്ടാണ് സിനിമ തെരഞ്ഞെടുക്കുന്നത്. കൂടെ അഭിനയിക്കുന്നവര്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നവരാണോ, നിര്‍മാതാവിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ കഴിയുമോ എന്നും ഇപ്പോള്‍ നോക്കും.

അത്രത്തോളം ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ചൊക്കെ ഉണ്ടാവുന്നത് നല്ലതാണെന്ന് എന്റെ അനുഭവം വെച്ച് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. സിനിമയില്‍ വലിയ വിജയങ്ങള്‍ വന്നപ്പോള്‍ എന്റെ വ്യക്തി ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്റെ വീട്ടുകാരൊന്നും അങ്ങനെയൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.

ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ വലിച്ച് നീട്ടി പറയാറില്ല. വളരെ കുറച്ച് മാത്രമേ സംസാരിച്ചാല്‍ മതിയല്ലോ. കാര്യം പറയുമ്പോള്‍ കാര്യം മാത്രം പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കില്‍ ആളുകള്‍ക്ക് ബോറടിക്കില്ലേ. വ്യക്തമായ മറുപടി മാത്രം നല്‍കിയാല്‍ മതിയല്ലോ,’ ഇന്ദ്രന്‍സ് പറഞ്ഞു.

content highlight: actor indrans about malayam actress manju pillai and kalpana

We use cookies to give you the best possible experience. Learn more