ഒരു ജോത്സ്യന്‍ താന്‍ പന്ത്രണ്ട് വയസ് തികയ്ക്കില്ല അതിനു മുമ്പ് മരിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് നടന്‍ ഇന്ദ്രന്‍സ്. തന്റെ അമ്മക്ക് ഭയങ്കര ഭക്തിയായിരുന്നുവെന്നും ശരീരം മുഴുവന്‍ ചരടുകള്‍ അമ്മ കെട്ടിത്തരാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൂര്യ നമസ്‌കാരം ചെയ്താല്‍ ദോഷങ്ങളൊക്കെ മാറുമെന്ന് ജോത്സ്യന്‍ പറഞ്ഞുവെന്നും അന്ന് തൊട്ട് വലുപ്പമുള്ള കെട്ടിടങ്ങളെല്ലാം താന്‍ തൊട്ട് തൊഴാറുണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
താന്‍ നോക്കി തൊഴുതിരുന്ന ചിലത് രക്തസാക്ഷി മണ്ഡപങ്ങളായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും നടന്‍ പറഞ്ഞു. കനകക്കുന്ന് അക്ഷരോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ‘ജീവിതം നെയ്ത കാലം’ എന്ന സെഷനില്‍ സംസാരിച്ചപ്പോഴാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഏതോ ഒരു ജോത്സ്യന്‍ അമ്മയോടു പറഞ്ഞു ഞാന്‍ പന്ത്രണ്ട് വയസ് തികയ്ക്കില്ല. അതിനു മുമ്പ് മരിയ്ക്കുമെന്ന്. അമ്മയ്ക്ക് ഭയങ്കര ഭക്തിയാണ്. ശരീരം മുഴുവന്‍ നിറയെ ചരടുകള്‍ അമ്മ കെട്ടിച്ചിട്ടുണ്ടായിരുന്നു. അതും കൊണ്ടായിരുന്നു നടപ്പ്.
അങ്ങനെ ഇരിക്കുമ്പോള്‍ ജാതകം എഴുതിയ ജോത്സ്യന്‍ സൂര്യ നമസ്‌കാരം ചെയ്താല്‍ ദോഷങ്ങളൊക്കെ മാറുമെന്ന് പറഞ്ഞു. അങ്ങനെ സൂര്യനമസ്‌കാരം തുടങ്ങി. മിക്ക ദിവസവും വ്രതമാണ്. അങ്ങനെ വ്രതമെടുത്ത് ഞാന്‍ വെജിറ്റേറിയനായി.
12 വയസ്സ് കഴിഞ്ഞിട്ടും കുഴപ്പം ഒന്നും പറ്റിയില്ല. സൂര്യന്‍ ആളു കൊള്ളാലോ എന്ന് എനിക്കും അപ്പോള്‍ തോന്നി. അന്ന് തൊട്ടു കുറച്ചു വലിപ്പമുള്ള കെട്ടിടങ്ങളൊക്കെ നോക്കി തൊഴാന്‍ തുടങ്ങി. നോക്കി തൊഴുതിരുന്ന ചിലത് രക്തസാക്ഷി മണ്ഡപം ആയിരുന്നു. പിന്നീടാണ് ആ സത്യം തിരിച്ചറിഞ്ഞത്,” ഇന്ദ്രന്‍സ് പറഞ്ഞു.
ആനന്ദം പരമാനന്ദമാണ് ഇന്ദ്രന്‍സിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്. ഷറഫുദ്ദീന്‍, അനഘ നാരായണന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.