മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടന്‍ ഇന്ദ്രജിത്ത്. ടി.എസ് മോഹനന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായ ‘പടയണി’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഇന്ദ്രജിത്ത് സിനിമയിലേക്ക് കടന്നുവന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലെത്തി ഇന്ദ്രജിത്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നൈറ്റ് ഡ്രൈവ്’ ഈ മാസം 11 ന് റിലീസിനൊരുങ്ങുകയാണ്.
താരത്തിനൊപ്പം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് താരത്തിന്റെ കുടുബവും. പൃഥ്വി സംവിധായകനായപ്പോള്‍ ഇന്ദ്രജിത്തിനെ നായകനാക്കി സിനിമ ചെയ്യുമോ എന്നായിരുന്നു പലരും ചോദിച്ചത്.
പൃഥ്വിയുടെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചും പൃഥ്വിയോട് ചാന്‍സ് ചോദിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇന്ദ്രജിത്ത് ഇപ്പോള്‍.
തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും, താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നുമാണ് ഇന്ദ്രജിത്ത് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല. പേഴ്സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്.’ ഇന്ദ്രജിത്ത് പറഞ്ഞു.
തന്റെ സിനിമയെ കുറിച്ച് കുടുംബത്തില്‍ കൂടുതലും വിമര്‍ശിക്കാറുള്ളത് ഇളയ മകളായ നക്ഷത്രയാണെന്നും ഇന്ദ്രജിത്ത് പറയുന്നു. പോസിറ്റിവായാണ് ഞാന്‍ വിമര്‍ശനങ്ങളെ എടുക്കാറുള്ളത്, കാരണം അത് എന്നെ വളരാന്‍ സഹായിക്കും, ഇന്ദ്രജിത്ത് പറയുന്നു.
പൃഥ്വിയേയും തന്നേയും അഭിനയത്തിന്റെ കാര്യത്തില്‍ താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും അതൊന്നും അധികം മനസ്സിലേക്കെടുക്കാറില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.
മക്കള്‍ സിനിമയിലേക്ക് വരുന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറയുന്നുണ്ട്. തന്റെ മക്കള്‍ക്ക് സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ തടസ്സം നില്‍ക്കില്ലെന്നായിരുന്നു താരം പറഞ്ഞത്.
തന്റെ ഇരുപത് വര്‍ഷത്തെ സിനിമ ജീവിതത്തെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘ഇപ്പോള്‍ ഒരു പൊലീസ് മാരത്തോണാണ് സംഭവിക്കുന്നത്. ഇത് മനപൂര്‍വമല്ല. ലോക്ക്ഡൗണിന്് മുമ്പും ശേഷവും ചെയ്ത സിനിമകളെല്ലാം ഇങ്ങനെ വന്നുപോയതാണ്.
പക്ഷേ ഞാനിതൊരു ചാലഞ്ചായി കാണുന്നു. കാരണം ഓരോ വേഷങ്ങളും വ്യത്യസ്തമാണ്. മാത്രമല്ല ഇരുപത് വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ അഭിനയത്തിന്റെ കാര്യത്തിന്‍ ഞാന്‍ ക്രമേണ സാവധാനത്തിലും സ്ഥിരതയിലുമാണ്’. ഇന്ദ്രജിത്ത് പറയുന്നു.
Content Highlight: Actor Indrajith About Prithviraj