| Thursday, 17th December 2020, 5:43 pm

'ഫുള്‍ തെറ്റിച്ച്, നല്ല കോണ്‍ഫിഡന്റായി നിന്ന് പൃഥ്വി പാടി'; സ്‌കൂള്‍ കാലത്തെ പാട്ടുമത്സരത്തെ കുറിച്ച് ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലത്തെ സ്‌കൂള്‍ ഓര്‍മ്മകളും പാട്ടോര്‍മ്മകളും പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. സൈനിക് സ്‌കൂളില്‍ പഠിക്കവേ സ്ഥിരമായി ലൈറ്റ് മ്യൂസിക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന പൃഥ്വിയുടേയും തന്റെയും കഥകളാണ് ഇന്ദ്രജിത്ത് പറയുന്നത്.

സെലിബ്രറ്റി കോര്‍ഡിനേറ്ററും കാസ്റ്റിങ് ഡയരക്ടറുമായ ഷനീം സയ്യിദിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ കുട്ടിക്കാലത്തെ കുറിച്ചും പാട്ടോര്‍മ്മകളെ കുറിച്ചും താരം സംസാരിച്ചത്.

പൃഥ്വിയുടെ കുട്ടിക്കാലത്തെ പാട്ടിനെ കുറിച്ച് രസകരമായ ഓര്‍മ്മകളാണ് ഇന്ദ്രജിത്ത് പങ്കുവെക്കുന്നത്. ‘ പൃഥ്വിയും ഞാനും സ്‌കൂളില്‍ ലൈറ്റ് മ്യൂസിക് കോമ്പറ്റീഷനില്‍ പങ്കെടുക്കുമായിരുന്നു. സൈനിക് സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ട് ഒരുപാട് ഹിന്ദിപ്പാട്ടുകളൊക്കെ അന്ന് പാടുമായിരുന്നു.

സ്‌കൂളില്‍ ജൂനിയര്‍ വിഭാഗം മത്സരത്തില്‍ പൃഥിയും സീനിയര്‍ വിഭാഗത്തില്‍ ഞാനും പാടും. ഞങ്ങള്‍ രണ്ടുപേരും ‘പെഹലാ നഷാ’ എന്ന പാട്ടാണ് പാടുന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഫസ്റ്റ് കിട്ടി.

പക്ഷേ പൃഥി ഫുള്‍ തെറ്റായിട്ടാണ് പാടിയത്. വരികളൊക്കെ തെറ്റിച്ചാണ് പാടിയത്. പക്ഷേ പൃഥി വളരെ കോണ്‍ഫിഡന്റായിട്ട് നിന്ന് പാടി. അവന്റെ പെര്‍ഫോമന്‍സ് കണ്ടുനിന്നപ്പോള്‍ അവന്‍ പാടുന്നതൊക്കെ ശരിയാണെന്ന് തോന്നി. ഒരേസമയത്ത് രണ്ട് പേരും പാടി ഫസ്റ്റ് കിട്ടിയ പാടായിരുന്നു അത്.’ ഇന്ദ്രജിത്ത് പറയുന്നു.

ഇന്ന് നാല്‍പത്തൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ദ്രജിത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും എത്തിയിരുന്നു. ഇന്ദ്രജിത്തിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ‘ഹാപ്പി ബര്‍ത്ത്ഡേ ചേട്ടാ’ എന്ന വാചകത്തോടൊപ്പം പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇരുവരും മൊട്ടയടിച്ചിരിക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. ചെറിയ ഒരു ചിരിയോടെയുള്ള ഇരുവരുടെയും ഫോട്ടോ സൂപ്പര്‍ ക്യൂട്ടാണെന്നാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകളില്‍ ഒട്ടുമിക്കതും. നല്ല സുന്ദരന്‍ മൊട്ടകള്‍ എന്നും ഇതില്‍ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോയെന്നുമെല്ലാം ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്.

‘എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു….എത്രയോ നല്ല. ഫോട്ടോ ഉണ്ടായിരുന്നു എന്നിട്ടും നീ..’ എന്നായിരിക്കും ഇന്ദ്രജിത്ത് ഇപ്പോള്‍ പൃഥ്വിരാജിനോട് പറഞ്ഞിരിക്കുകയെന്ന കമന്റുകളും ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor indrajith about Prithviraj

We use cookies to give you the best possible experience. Learn more