| Tuesday, 27th August 2024, 10:34 pm

ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി ഇടവേള ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ട് പേര്‍ക്കെതിരെ പരാതി നല്‍കി നടന്‍ ഇടവേള ബാബു. ഡി.ജി.പിക്കാണ് ഇടവേള ബാബു പരാതി നല്‍കിയത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും നടന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.

മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു പ്രതികരിച്ചു. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍, തന്റെ അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയതിനുശേഷം സ്വീകരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം നടന്‍ സിദ്ദിഖിനെതിരെ അഭിനേത്രി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്ക് ഇ-മെയില്‍ മുഖേന പരാതി കൈമാറുകയായിരുന്നു. സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രസ്തുത പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

മാധ്യമങ്ങളിലൂടെയാണ് സിദ്ദിഖിനെതിരെ രേവതി ആരോപണങ്ങള്‍ ഉന്നയിച്ചത്. മുമ്പും സമാനായ ആരോപണങ്ങള്‍ രേവതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള രേവതിയുടെ വെളിപ്പെടുത്തല്‍ അവസാനിച്ചത്, താരസംഘടനായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിയിലാണ്.

ഇതിനുപുറമെ മുകേഷ്, ജയസൂര്യ, മണിയണപിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ അഭിനേത്രി മിനു മുനീറും പരാതി നല്‍കുകയുണ്ടായി. മിനു മുനീറും മാധ്യമങ്ങളിലൂടെയാണ് ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മിനു പരാതി നല്‍കാന്‍ തയ്യാറായത്.

എന്നാല്‍ മിനുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് രംഗത്തെത്തിയിരുന്നു. മിനു പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്നും ഇടതു എം.എല്‍.എ കൂടിയായ മുകേഷ് പറഞ്ഞിരുന്നു. കൂടാതെ രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്കതിരെ നടന്‍ സിദ്ദിഖ് ഇന്നലെ പരാതി നല്‍കിയിരുന്നു.

അതേസമയം ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന് സി.പി.ഐ നേതാവായ ആനി രാജ ആവശ്യപ്പെട്ടു. സ്ഥാനങ്ങള്‍ ഒഴിഞ്ഞതിന് ശേഷം അന്വേഷണത്തെ നേരിടണമെന്ന് ആനി രാജ പറഞ്ഞു.

അല്ലാത്തപക്ഷം അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങള്‍ സംശയിക്കുമെന്നും അത്തരം സംശയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ആനി രാജ മുന്നറിയിപ്പ് നല്‍കി.

സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചിരുന്നു. പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് അവസാനിച്ചത്.

Content Highlight: Actor Idavela Babu filed a complaint against the two people who made the allegations

Latest Stories

We use cookies to give you the best possible experience. Learn more