| Monday, 16th January 2023, 11:53 pm

മുകുന്ദന്‍ ഉണ്ണി ഫുള്‍ നെഗറ്റീവ്, ആര്‍ക്കും നന്ദി പറയുന്നില്ല, പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണ്: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. സിനിമ ഓടുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നുവെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും ഇടവേള ബാബു പറഞ്ഞു.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വെച്ചാണ് ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍.

‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാര്‍ക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?

പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്.

ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയകത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്,’ ഇടവേള ബാബു പറഞ്ഞു.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കഴിഞ്ഞ നവംബര്‍ 11നാണ് റിലീസ് ചെയ്തത്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണരിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആര്‍ഷ ചാന്ദ്‌നി ബൈജു, തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Actor idavala Babu criticized the film Mukundan Unni Associates

Latest Stories

We use cookies to give you the best possible experience. Learn more