ബൈഡനെതിരെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം; നടി ഹണ്ടര്‍ ഷെയ്ഫര്‍ അറസ്റ്റില്‍
World
ബൈഡനെതിരെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം; നടി ഹണ്ടര്‍ ഷെയ്ഫര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 1:21 pm

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്ത പരിപാടിയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ ഹോളിവുഡ് നടി ഹണ്ടര്‍ ഷെയ്ഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത ഹോളിവുഡ് സീരീസായ യൂഫോറിയയിലൂടെ തിളങ്ങിയ നടിയാണ് ഹണ്ടര്‍ ഷെയ്ഫര്‍.

ബൈഡന്‍ പങ്കെടുത്ത ലേറ്റ് നൈറ്റ് വിത്ത് സേത് മേയേഴ്‌സ് എന്ന പരിപാടിയിലാണ് തിങ്കളാഴ്ച ഹണ്ടര്‍ ഷെയ്ഫറും സംഘവും ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 100ലധികം ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ജ്യൂയിഷ് വോയിസ് ഫോർ പീസെന്ന സംഘടനയുടെ നേതൃത്തിലായിരുന്നു പ്രതിഷേധം നടന്നത്. ബൈഡന്റെ വാഹന വ്യൂഹം പിരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചപ്പോൾ ഷെയ്ഫറും സംഘവും ബാനറുകളുമായി വാഹനം തയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുക എന്ന് എഴുതിയ ടീഷര്‍ട്ടുകളും വംശഹത്യ അവസാനിപ്പിക്കുക എന്നെഴുതിയ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ ബൈഡനെതിരെ രംഗത്തെതിയത്. നടിയുടെ അറസ്റ്റ് സ്ഥിരീകരിച്ച സംഘടന ഫലസ്തീന് വേണ്ടി രംഗത്തെത്തിയതിന് അവരെ അഭിനന്ദിച്ചു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ പിന്തുണക്കുന്ന നിലപാടാണ് ബൈഡന്‍ നിരന്തരം കൈക്കൊള്ളുന്നതെന്ന് ജ്യൂയിഷ് വോയിസ് ഫോർ പീസ് ആരോപിച്ചു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ തെറ്റാണെന്നും ജീവിതം ഏറ്റവും വിലപ്പെട്ടതാണെന്നുമാണ് ജ്യൂയിഷ് സംസ്‌കാരം പഠിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയതിനാലാണ് ഹണ്ടര്‍ ഷെയ്ഫറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തതെന്ന് ന്യൂയോര്‍ക് പൊലീസ് ബുധനാഴ്ച അറിയിച്ചു. അതേസമയം, വരും ദിവസങ്ങളില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കൊണ്ട് വരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡന്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

Contant Highlight: actor Hunter Schafer arrested at pro-Palestine protest