കൃത്രിമ ചിരി ചിരിക്കുന്നവരില്‍ നിന്നും എനിക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, വെറുതെ ചിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല: ഹരിശ്രീ അശോകന്‍
Entertainment news
കൃത്രിമ ചിരി ചിരിക്കുന്നവരില്‍ നിന്നും എനിക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, വെറുതെ ചിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th April 2023, 6:21 pm

താന്‍ ജീവിതത്തില്‍ വളരെ സീരിയസായിട്ടുള്ള മനുഷ്യനാണെന്ന് നടന്‍ ഹരിശ്രീ അശോകന്‍. വെറുതെ ചിരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും വെറുതെ ചിരിച്ച് കൊണ്ടിരിക്കുന്നവര്‍ റിയല്‍ ലൈഫില്‍ അങ്ങനെയല്ലെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

പരിപാടികളില്‍ പോകുമ്പോള്‍ ചിരിക്കണമെന്ന് മകന്‍ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ ജീവിതത്തില്‍ ഭയങ്കര സീരിയസായിരിക്കുമെന്ന് പലരും പറയാറുണ്ട്. എന്നെ കൊണ്ടും അതുതന്നെയാണ് പറയുന്നത്. പലപ്പോഴും എന്റെ മോനും ഇതേകാര്യം പറയാറുണ്ട്.

ഒരു ദിവസം പരിപാടിക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. സ്റ്റേജില്‍ പോയാല്‍ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കണമെന്ന് മോന്‍ വന്ന് പറഞ്ഞു.

എനിക്ക് വെറുതെ ചിരിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ വെറുതെ ചിരിച്ച് കൊണ്ടിരിക്കുന്നവരെ എനിക്ക് അറിയാം അവരൊന്നും റിയല്‍ ലൈഫില്‍ അങ്ങനെയല്ല. ആ കാര്യം എനിക്ക് അറിയാം.

വെറുതെ കൃത്രിമ ചിരി ചിരിക്കുന്നവരില്‍ നിന്നും എനിക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ചിരിക്കാറുണ്ടെന്ന് അവനോട് പറഞ്ഞപ്പോള്‍ അച്ഛന്‍ ഇങ്ങനെ ചിരിച്ചാല്‍ പോരെന്നും മുഖം ഭയങ്കര സീരിയസ് ആണെന്നും അവന്‍ എന്നോട് പറഞ്ഞു.

എങ്ങനെ ചിരിക്കണം എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് എന്റെ കല്യാണ ഫോട്ടോയില്‍ ഉള്ളത് പോലെ ചിരിക്കണമെന്നാണ്. അത് എന്റെ അവസാനത്തെ ചിരിയായിരുന്നുവെന്ന് ഞാന്‍ തമാശക്ക് പറഞ്ഞു.

പക്ഷേ അങ്ങനെ അല്ല, പ്രീതി എന്റെ ലൈഫിലേക്ക് വന്നതോടെയാണ് എല്ലാ നേട്ടങ്ങളും എനിക്ക് ഉണ്ടായത്. എല്ലാത്തിലും അവളുടെ സപ്പോര്‍ട്ട് കൂടെ ഉണ്ടായിരുന്നു. അവള്‍ എന്നോട് ചിരിക്കാന്‍ പറയാറില്ല. കാരണം അവള്‍ക്ക് അറിയാം എനിക്ക് ചിരി അത്രയേ വരികയുള്ളുവെന്ന്,” ഹരിശ്രീ അശോകന്‍ പറഞ്ഞു.

content highlight: actor harisree ashokan about smile