പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍. ഹാസ്യ വേഷങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിരുന്ന താരത്തിന്റെ ധാരളം കഥാപാത്രങ്ങള്‍ ഇന്നും ആളുകളെ ഏറെ ചിരിപ്പിക്കുന്നുണ്ട്. താന്‍ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും പറയുകയാണ് ഹരിശ്രീ അശോകന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
ലോകത്ത് എവിടെ ചെന്നാലും ആളുകള്‍ സംസാരിക്കാന്‍ അടുത്ത് വരുമ്പോള്‍ കൂടുതല്‍ ചോദിക്കുക രമണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ചാണെന്നും വിഷുവിന് തനിക്ക് പലരും ആശംസ അറിയിക്കുന്നത് മീശമാധവനിലെ താടി വെച്ച കൃഷ്ണന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് പറക്കും തളിക എന്ന സിനിമയുടെ ഷൂട്ടിനിടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കേരളത്തിലെ ജനങ്ങള്‍ വിഷുവിന് എന്നെ ഓര്‍ക്കാറുണ്ട്. താടി വെച്ച കൃഷ്ണനാവാനും പെണ്‍ വേഷം കെട്ടാനും പൊലീസുകാരനാകാനും ഇന്ത്യന്‍ സിനിമയില്‍ എനിക്ക് മാത്രമേ അവകാശമുള്ളു. എനിക്ക് വിഷുവിന് ആശംസ വരാറുള്ളതില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുക എന്റെ ആ കഥാപാത്രം തന്നെയാണ്.
ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കാറുളളത് രമണനെയാണ്. അതിപ്പോള്‍ ലോകത്ത് എവിടെ പോയാലും അങ്ങനെയാണ്. ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് പറക്കും തളിക എന്ന ചിത്രത്തിലെ വേഷം ചെയ്യാനാണ്. പറക്കും തളിക ചെയ്യുമ്പോല്‍ ശരിക്ക് ഉറങ്ങാന്‍ പോലും പറ്റിയില്ല. ഭയങ്കര സ്‌ട്രെയ്ന്‍ ആയിരുന്നു.
ഭയങ്കര ചൂട് ഉള്ള സമയത്താണ് മുഴുവന്‍ ഷൂട്ടും നടന്നത്. പിന്നെ എല്ലാ ഭാഗവും റോഡില്‍ വെച്ചാണ് എടുത്തത്. പലപ്പോഴും ചൂടും കഷ്ടപ്പാടും കൊണ്ട് മനസില്‍ ഒന്ന് തീര്‍ന്നിരുന്നേല്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതിന്റെയൊക്കെ സുഖം കിട്ടുന്നത് റിലീസ് കഴിഞ്ഞ് ആളുകളുടെ അഭിപ്രായം കേള്‍ക്കുമ്പോഴാണ്.
ഷൂട്ട് ചെയ്യുന്ന സമയത്ത് സിറ്റുവേഷന്‍ അനുസരിച്ച് തോന്നുന്ന എക്‌സ്പ്രഷന്‍ ആണ് പലപ്പോഴും എല്ലാ ആക്ടേഴ്‌സും ഇടുന്നത്. അതല്ലാതെ എല്ലാത്തിലും ഡയറക്ടര്‍ പറഞ്ഞു തരില്ല. നമ്മള്‍ ഇട്ടത് ശരിയായില്ലെങ്കില്‍ ഡയറക്ടര്‍ പറയും ഒന്നുകൂടെ ചെയ്ത് നോക്കാന്‍. അങ്ങനെ വീണ്ടും ചെയ്യും ചിലപ്പോള്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ പറ്റും ഇല്ലെങ്കില്‍ വീണ്ടും ചെയ്യും. എല്ലാം സംഭവിക്കുന്നതാണ്.
പഞ്ചാബി ഹൗസ് സിനിമയുടെ സ്‌ക്രിപ്റ്റ് അടിപൊളിയാണ്. അതില്‍ ഒന്നും നമ്മള്‍ കയ്യില്‍ നിന്നും എടുത്തിടേണ്ടി വന്നിട്ടില്ല. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സെറ്റായിരുന്നു. അന്ന് സീന്‍ കഴിഞ്ഞ് വീട്ടില്‍ പോയാലും ഉറക്കം വരില്ല. അത്രമാത്രം ഇഷ്ടമായിരുന്നു ആ സിനിമയില്‍ അഭിനയിക്കാന്‍. എനിക്ക് ഷൂട്ട് ഇല്ലാഞ്ഞിട്ടും ഞാന്‍ രണ്ട് ദിവസം സെറ്റില്‍ പോയി വെറുതെ നില്‍ക്കുമായിരുന്നു,” ഹരിശ്രീ അശോകന്‍.
content highlight: actor harisree ashokan about his film carrier