| Tuesday, 11th April 2023, 4:55 pm

മമ്മൂക്കയുടെ കൂടെ ആ വേഷം ചെയ്താല്‍ ഒത്തിരി സീരിയസ് റോള്‍ വരുമെന്ന് പറഞ്ഞു, പക്ഷെ സിനിമ പരാജയപ്പെട്ടു: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹരിശ്രീ അശോകന്‍. ഹാസ്യ വേഷങ്ങളില്‍ നിന്നും മാറി മറ്റ് വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം തനിക്കുമുണ്ടായിരുന്നുവെന്ന് പറയുകയാണ് നടന്‍. കോമഡിയില്‍ താന്‍ പെട്ടുപോയെന്നും മമ്മൂട്ടിയുടെ കൂടെ ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമയില്‍ സീരിയസ് റോള്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിനിമ വിജയിക്കാത്തതിന്റെ ഫലമായി അത്തരം വേഷങ്ങള്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എല്ലാരും പറയുന്നത് പോലെ എനിക്കും വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ കോമഡിയില്‍ ഞാന്‍ പെട്ടുപോയി. കോമഡിയില്‍ തന്നെ ചിലപ്പോള്‍ സീരിയസ് ആയി ചെയ്യുന്നത് കണ്ടിട്ടാകും ചിലര്‍ എനിക്ക് മാറി ചെയ്യാന്‍ അവസരം തന്നിട്ടുണ്ട്.

ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ ഡയറക്ടര്‍ രഞ്ജിത്ത് എനിക്ക് സീരിയസ് റോള്‍ ചെയ്യാന്‍ തന്നിരുന്നു. അന്ന് അത് ചെയ്യുമ്പോള്‍ ആ പടം ഇറങ്ങിയാല്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കുറേ അവസരം വരുമെന്നും തിരക്കായിരിക്കുമെന്നും മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു.

എന്നാല്‍ ആ സിനിമ വിചാരിച്ച പോലെ വിജയിച്ചില്ല. അതുകൊണ്ട് പലര്‍ക്കും എന്റെ അഭിനയം കാണാന്‍ പറ്റിയില്ല. അതുകൊണ്ട് അത്തരം വേഷങ്ങള്‍ വന്നില്ല.” ഹരിശ്രീ അശോകന്‍ പറഞ്ഞു.

ജി.എസ് വിജയന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാവൂട്ടിയുടെ നാമത്തില്‍. മമ്മൂട്ടി, കാവ്യ മാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ഹരിശ്രീ അശോകന്‍ അഭിനയിച്ച അവസാന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ്. കുപ്പി രാജന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്.

content highlight: actor harisree ashokan about comedy roles

Latest Stories

We use cookies to give you the best possible experience. Learn more