കോഴിക്കോട്: ലക്ഷദ്വീപിനു മേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് നടന്‍ ഹരിശ്രീ അശോകന്‍. ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം എന്ന് അദ്ദേഹം ചോദിച്ചു.
‘ക്ഷയരോഗത്തിന്റെ അണുക്കള്‍ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളര്‍ന്നും നില്‍ക്കുന്ന മനുഷ്യരുടെ മേല്‍ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അനീതിയാണ്,’ ഹരിശ്രീ അശോകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജനങ്ങളുടെ മനസ്സറിയാതെ അധികാരികള്‍ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ്.
അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താല്‍പ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്‍മാറിയേ മതിയാവൂയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ഹരശ്രീ അശോകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലക്ഷദ്വീപിനൊപ്പം. സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ അവര്‍ക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു.
എല്ലാ മനുഷ്യരും ഉള്ളില്‍ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്.
ക്ഷയരോഗത്തിന്റെ അണുക്കള്‍ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളര്‍ന്നും നില്‍ക്കുന്ന മനുഷ്യരുടെ മേല്‍ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അനീതിയാണ്.
ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം..? ലക്ഷദ്വീപിന്റേയും കേരളത്തിന്റേയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്.?
ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കു.
ജനങ്ങളുടെ മനസറിയാതെ അധികാരികള്‍ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ്.
അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താല്‍പ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്‍മാറിയേ മതിയാവൂ.
ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം.