മലയാള സിനിമയെക്കുറിച്ചും അതിലെ താരങ്ങള്‍ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും സംസാരിക്കുകയാണ് ഹരീഷ് ഉത്തമന്‍. കാരവനില്‍ നടന്മാര്‍ ഒന്നിച്ചിരിക്കുന്നത് മലയാള സിനിമയില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്നും പരസ്പരം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ ചെയ്യുന്ന രീതി മറ്റ് ഇന്‍ഡസ്ട്രികളില്‍ കുറവാണെന്നും ഹരീഷ് പറഞ്ഞു.
മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പോലും ശ്രദ്ധിക്കുന്നത് മലയാള സിനിമയെയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് ഉത്തമന്‍ മലയാളസിനിമയെക്കുറിച്ച് പറഞ്ഞത്.
”ഇവിടെ ഒരു കാരവന്‍ എടുത്താല്‍ അതില്‍ ചിലപ്പോള്‍ നാലുപേര് ഇരിക്കുന്നുണ്ടാകും. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ആ ഒരു കാര്യം എല്ലാ സ്ഥലത്തും കാണുന്നത് വളരെ റെയറാണ്.
ഒരു സീനെടുക്കുമ്പോള്‍ തങ്ങളുടെ രംഗത്തെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്ത് ചെയ്യുന്നത് മലയാള സിനിമയിലാണ് ഞാന്‍ കണ്ടത്. ഒരു ഈഗോയും ഇല്ലാതെ പരസ്പരം ഡിസ്‌കസ് ചെയ്യുമ്പോള്‍ അവിടെ ക്ലാരിഫിക്കേഷന്‍ ഉണ്ടാകും.
ഞാന്‍ ഇങ്ങനെയാണ് ഇത് ചെയ്യുകയെന്നും നീ അങ്ങനെ ചെയ്താല്‍ നന്നാകുമെന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഇവിടത്തെ സിനിമകളില്‍ നന്നായി നടക്കുന്നുണ്ട്. ഞാന്‍ അഭിനയിച്ച മലയാള സിനിമയില്‍ അത്തരത്തിലുള്ള സന്ദര്‍ഭം ആദ്യമായി കണ്ടത് മായാനദിയിലാണ്.
ഈ അവസരത്തില്‍ മലയാള സിനിമയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. മൊത്തം ഇന്‍ഡസ്ട്രീസ് എടുത്തു നോക്കുമ്പോള്‍ മലയാള സിനിമയില്‍ നിന്നും വരുന്ന കണ്ടന്റെല്ലാം വളരെ സ്ട്രാങ്ങാണ്. മറ്റ് ഇന്‍ഡസ്ട്രീസ് മൊത്തം ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നത് മലയാളത്തെയാണ്.
കുറച്ച് വര്‍ഷങ്ങളിലെ കണക്ക് എടുത്തു നോക്കുകയാണെങ്കില്‍ എത്ര മലയാള സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ പുറത്തെ ഇന്‍ഡസ്ട്രിയിലെ ആളുകളോട് മലയാളം സിനിമ ചെയ്യാന്‍ പോകുന്നുണ്ടെന്ന് പറയുമ്പോള്‍ അവരെല്ലാം ഭയങ്കര അതിശയത്തോടെ എന്നോട് അതിനെക്കുറിച്ചെല്ലാം ചോദിച്ചറിയും.
നല്ല സിനിമകള്‍ മലയാളത്തില്‍ വരുന്നതില്‍ മലയാളി ഓഡിയന്‍സിന് നല്ല പങ്കുണ്ട്. അവര്‍ ഓരോ സിനിമയേയും കൃത്യമായി വിലയിരുത്തുന്നുണ്ട്. ഒരു പോസ്റ്റര്‍ കണ്ടാല്‍ പോലും അതിനെ ജഡ്ജ് ചെയ്യുന്ന ഓഡിയന്‍സിലേക്ക് ഒരു സിനിമ കൊടുക്കുമ്പോള്‍ വളരെ നന്നായി അവരില്‍ ഭൂരിഭാഗവും വിലയിരുത്തും. അതു മനസിലാക്കിയാണ് ഇവിടെ സിനിമ നിര്‍മിക്കുന്നത്,” ഹരീഷ് ഉത്തമന്‍ പറഞ്ഞു.
content highlight: actor harish uthaman about malayalam film industry