| Monday, 13th June 2022, 11:31 pm

വായില്‍ പഴം കയറ്റിയ എല്ലാ സാംസ്‌കാരിക നായ്ക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: സി.പി.ഐ.എം, കോണ്‍ഗ്രസ് ആക്രമത്തില്‍ ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനും കെ.പി.സി.സി ആസ്ഥാനം അക്രമിക്കപ്പെട്ട സംഭവത്തിലും പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും പ്രതിഷേധാര്‍ഹമാണെന്ന് ഹരീഷ് പേരടി പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവുമെന്നും ഒരു സര്‍വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു.

‘കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്. നാളെ എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും. ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല. സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ, ശരിയോ മാത്രമേ അവര്‍ ചെയ്തിട്ടുള്ളു. ജാഗ്രതൈ, ഒരു സര്‍വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വായില്‍ പഴം കയറ്റിയ എല്ലാ സാംസ്‌കാരിക നായ്ക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കലാകാരന്റെ രാഷ്ട്രീയം ഇതാണ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും. എന്നിലെ കലാകാരന്റെ രാഷ്ട്രീയം,’ ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Actor Harish Perady reacts to the protest against the Chief Minister on the plane and the attack on the KPCC headquarters

We use cookies to give you the best possible experience. Learn more