| Sunday, 24th April 2022, 11:25 pm

ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ മലയാളികള്‍ക്കു മുഴുവന്‍ അപമാനമാണ്; പ്രേം നസീറിന്റെ വീട് വില്‍ക്കുന്നതിനെതിരെ ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മഹാനടന്‍ പ്രേം നസീറിന്റെ വീട് വില്‍ക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. നസീറിന്റെ കുടുംബാംഗങ്ങളെല്ലാം അമേരിക്കയിലായത്‌കൊണ്ടും വീട് നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് വീട് വില്‍ക്കുന്നത്.

നസീറിന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്‌കാരിക സ്മാരകമായി മാറ്റിയില്ലെങ്കില്‍ മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണെന്നും സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാരിനും സംസ്‌ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ അവസരം കളഞ്ഞുകുളിക്കരുതെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലെ വീടാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ നസീര്‍ മകള്‍ ലൈലയുടെ പേരില്‍ നിര്‍മിച്ച വീടിന് ‘ലൈല കോട്ടേജ്’ എന്നാണ് പേര് നല്‍കിയിരുന്നത്.

ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള പാതയോരത്ത് ഇരുനിലയില്‍ 8 കിടപ്പുമുറികളുമായി പണിത വീടിനും വസ്തുവിനും കോടികള്‍ വിലവരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം നസീര്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. 50 സെന്റിലുള്ള ഈ ഇരുനിലമന്ദിരം ചലച്ചിത്ര നിര്‍മാതാവ് പി.സുബ്രഹ്മണ്യത്തിന്റെ ചുമതലയിലാണ് നിര്‍മിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പത്മശ്രിയും പത്മഭൂഷണും 542 സിനിമകളിലെ നായകനായതിന്റെ പേരിലും, ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതല്‍ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേള്‍ഡ് ഗിന്നസ് അവാര്‍ഡുകള്‍, ഒരുപാട് സാധാരണ മനുഷ്യരെ തിയ്യറ്ററില്‍ സിനിമ കാണാന്‍ പഠിപ്പിച്ച, ഏത് ഉയരത്തില്‍ നില്‍ക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞേ പറ്റു, മനസ്സിലാക്കിയെപറ്റു.

അതിന് ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാസംകാരിക സ്മാരകമായി മാറ്റണം. അല്ലെങ്കില്‍ മലയാളികള്‍ക്കു മുഴുവന്‍ അപമാനമാണ്. സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും സംസ്‌ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ അവസരം, ഈ അവസരം കളഞ്ഞുകുളിക്കരുത്, മനുഷ്യത്വത്തോടെ, സംസ്‌ക്കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക.

Content Highlight: Actor Harish Perady reacts to decision to sell house of Malayalam actor Prem Nazir

We use cookies to give you the best possible experience. Learn more