മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ജനുവരി 26ന് ഹോട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമാണ് ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ ബ്രാ ഡാഡി സിനിമ കണ്ടുകഴിഞ്ഞ ശേഷം അഭിപ്രായം പങ്കുവെക്കുകയാണ് നടന്‍ ഹരീഷ് പേരടി. 80കളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്ത പ്രകടനമാണ് ചിത്രത്തില്‍ മോഹന്‍ ലാല്‍ കാഴ്ചവെച്ചതെന്ന് പേരടി പറഞ്ഞു. പൃഥ്വിരാജ് ഒരു നടനെന്ന നിലയിലേക്കാളും സംവിധായകനായി കൂടുതല്‍ മുന്നോട്ട് പോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
‘ബ്രോ ഡാഡി ഇന്നാണ് കണ്ടത്. ലാലേട്ടന്‍ തകര്‍ത്തു. തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80കളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം പുതിയകാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. നടനം മഹാനടനം.
കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല. നല്ല അഭിനേത്രികൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു. ലാലുച്ചായന്‍ പകരം വെക്കാനില്ലാത്ത പ്രകടനം.
ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നിപോയി. അത്രയും വിശ്വസിനീയം. രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു.
ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ. നല്ല സിനിമ. ആശംസകള്‍,’ ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതി.
പൃഥ്വിരാജ് മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.
ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.