മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കില്‍ ഡി.വൈഎഫ്.ഐ അല്ല വെറും ഡിങ്കോളാഫികളാണ്: ഹരീഷ് പേരടി
Kerala News
മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കില്‍ ഡി.വൈഎഫ്.ഐ അല്ല വെറും ഡിങ്കോളാഫികളാണ്: ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th November 2021, 11:17 pm

കോഴിക്കോട്: സംഘപരിവാര്‍ ഹലാല്‍ വിവാദമുണ്ടാക്കി വര്‍ഗീയതക്ക് ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ.ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാല്‍ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാം എന്നും അദ്ദേഹം പറഞ്ഞു.

‘ഡി.വൈ.എഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡി.വൈ.എഫ്.ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല.

മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡി.വൈ.എഫ്.ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒറിജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം,’ ഹരീഷ് പേരടി പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ പോര്‍ക്ക് ഉണ്ടാകുമോ എന്ന ചില സംഘപരിവാര്‍ പ്രൊഫൈലുകളുടെ ചോദ്യങ്ങള്‍ക്ക് പിന്നാലെ പന്നിയിറച്ചിയടക്കമുള്ള ഭക്ഷണം വിതരണം ചെയ്ത് ഡി.വൈ.എഫ.ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത് വലിയ ചര്‍ച്ചയാവുന്നുണ്ട്. ഇതിനിടക്കാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

കേരളത്തിലെ ഹോട്ടലുകളിലുള്ള ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെയും ഹലാല്‍ ഭക്ഷണത്തിനെതിരെയും സംഘപരിവാര്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ ഫുഡ്‌സ്ട്രീറ്റ് സമരം സംഘടിപ്പിച്ചത്.

ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Actor Harish Peradi scoffs at DYFI food street protest