Advertisement
Kerala News
എഴുതി വെച്ചോളൂ, പി.കെ. ഫിറോസ് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാകും: ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 23, 05:03 pm
Monday, 23rd January 2023, 10:33 pm

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാകുമെന്ന് നടന്‍ ഹരീഷ് പേരടി. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ പി.കെ. ഫിറോസ് അറസ്റ്റിലായ വാര്‍ത്തക്ക് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പേരടിയുടെ പ്രതികരണം.

‘എഴുതി വെച്ചോളു, പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്. പേര്. പി.കെ.ഫിറോസ്. ഫിറോസിന് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍,’ എന്നാണ് ഫിറോസിന്റെ ഒരു ഫോട്ടോ പങ്കുവെച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരം പാളയത്ത് വെച്ചാണ് പി.കെ. ഫിറോസിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പി.കെ. ഫിറോസ്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.

പൊലീസിനെ ആക്രമിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.

അതേസമയം, ഫിറോസ് അറസ്റ്റിലായ സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചു. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരില്‍ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യുമെന്നും വിഷയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ജനറല്‍ സെക്രട്ടകറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.