Advertisement
Kerala News
ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ മകനാണ് ഞാന്‍; സ്ത്രീ വിരുദ്ധനിലപാടുള്ളവരെ സംരക്ഷിക്കുന്ന 'അമ്മ'യെ ആ പേരില്‍ അഭിസംബോധന ചെയ്യില്ല: ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 05, 02:29 am
Sunday, 5th June 2022, 7:59 am

കൊച്ചി: താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

‘അമ്മ’യെ ഞാന്‍ അമ്മ എന്ന് വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ, ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത, സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ മകനാണ് ഞാന്‍. എന്റെ പേര് ഹരീഷ് പേരടി.

അമ്മ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ. ‘അമ്മ’ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്,’ എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

കൂടാതെ താരസംഘടനയായ ‘അമ്മയില്‍’ നിന്ന് രാജിവെച്ചതില്‍ നിന്നും പിന്നോട്ടില്ലെന്നും ഹരീഷ് പേരടി വ്യക്തമാക്കി. ഇടവേള ബാബു തന്നെ വിളിച്ച് രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്ന് ചോദിച്ചുവെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ ‘അമ്മ’ പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് തിരിച്ചു ചോദിച്ചെന്നും അതില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ രാജിയില്‍ നിന്നും പിന്നോട്ടില്ലെന്നും ഹരീഷ് പേരടി പറയുന്നു.

‘വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ.സി കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചും, അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്.ഞാന്‍ ഇവിടെ തന്നെയുണ്ടാവും.വീണ്ടും കാണാം,’ എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content Highlights: Actor Harish Peradi responds to ‘Amma’ general secretary Edavela Babu