'സന്തോഷവാര്‍ത്ത, എ.എം.എം.എ രാജി അംഗീകരിച്ചു'; പൂത്തിരി കത്തിച്ച് ഹരീഷ് പേരടി
Film News
'സന്തോഷവാര്‍ത്ത, എ.എം.എം.എ രാജി അംഗീകരിച്ചു'; പൂത്തിരി കത്തിച്ച് ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th June 2022, 3:35 pm

അമ്മ സംഘടന തന്റെ രാജി അംഗീകരിച്ചുവെന്ന് നടന്‍ ഹരീഷ് പേരടി. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചതെന്നും അമ്മക്ക് നന്ദിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി അറിയിച്ചു. പൂത്തിരി കത്തിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്.

‘സന്തോഷ വാര്‍ത്ത. എ.എം.എം.എയുടെ 15/6/2022 ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു. അമ്മക്ക് നന്ദി,’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

വിജയ് ബാബുവിനെതിരായ ലൈഗികപരാതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അമ്മ സംഘടനക്ക് ഹരീഷ് പേരടി രാജി സമര്‍പ്പിച്ചത്. രാജിയില്‍ മാറ്റമുണ്ടോ എന്നറിയാന്‍ ഇടവേള ബാബു നേരത്തെ തന്നെ വിളിച്ച വിവരവും ഹരീഷ് പേരടി ജൂണ്‍ നാലിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ അമ്മ പുറത്താക്കിയാതാണെന്ന തിരുത്തലുകള്‍ക്ക് തയാറുണ്ടോ എന്ന് താനും ചോദിച്ചിരുന്നു. എന്നാല്‍
വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ.സി. കമ്മിറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചുവെന്നുമാണ് ഹരീഷ് പറഞ്ഞത്.

അമ്മയെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമമെന്നും ഇടവേള ബാബു അറിയിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നുമാണ് ഹരീഷ് പേരടി പറഞ്ഞത്.

ഹരീഷ് ജൂണ്‍ നാലിന് പോസ്റ്റ് ചെയ്ത കുറിപ്പ്

ഇന്നലെ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു. ഇന്നലെ അവരുടെ എക്‌സികൂട്ടിവ് മീറ്റിങ്ങില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ എ.എം.എം.എ പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയാറുണ്ടോ എന്ന് ഞാനും ചോദിച്ചു. വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ.സി കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു.

പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്. എ.എം.എം.എയെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ. ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത, സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍ എന്റെ പേര് ഹരീഷ് പേരടി. അമ്മ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ

എ.എം.എം.എ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറിജിനല്‍ ചുരക്കപേരാണ്. 15ാം തീയതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാന്‍ ഇവിടെ തന്നെയുണ്ടാവും. വീണ്ടും കാണാം

Content Highlight: Actor Harish Peradi has said that amma organization has accepted his resignation