സംവിധായകന്‍ സിദ്ദിഖിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. മുമ്പ് ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ഗള്‍ഫ് പ്രോഗ്രാമില്‍ നിന്നും നടന്‍ ശ്രീരാമന്റെ പേര് മമ്മൂട്ടി വെട്ടിയെന്ന സിദ്ദിഖിന്റെ പരാമര്‍ശത്തിനെതിരെയാണ് ഹരീഷ് പേരടി രംഗത്ത് വന്നത്.
പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണെന്ന് ഹരീഷ് പേരടി പറഞ്ഞു. താന്‍ മനസിലാക്കിയ ശ്രീരാമേട്ടനും മമ്മൂക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണെന്നും അതുകൊണ്ടുതന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു.
‘സിദ്ദിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു, ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന്. എന്റെ പ്രിയപ്പെട്ട സിദ്ദിഖേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മൂക്കയോട് പറയാമായിരുന്നു, ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന്. പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ്.
സത്യസന്ധമായ ആത്മകഥകള്‍ ഞാന്‍ വായിക്കാറുണ്ട്. പക്ഷെ ഇത് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്. ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ. ഞാന്‍ മനസിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്. അതുകൊണ്ടുതന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല. ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്. മൂന്ന് പേര്‍ക്കും ആശംസകള്‍,’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ദിഖ് ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ സമയത്ത് നടന്ന സംഭവങ്ങള്‍ പറഞ്ഞത്.
പരിപാടിക്കായി വിദ്യാസാഗര്‍ ചെയ്ത മ്യൂസിക് മമ്മൂട്ടി ഒഴികെ മറ്റാര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും ആ മ്യൂസിക് വേണ്ട എന്ന് പറഞ്ഞതില്‍ അദ്ദേഹത്തിന് ലേശം നീരസവുമുണ്ടായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ഇതൊന്നുമറിയാതെ എത്തിയ ശ്രീരാമനെ മമ്മൂക്ക മ്യൂസിക് കേള്‍പ്പിച്ചു. എന്നിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. ശ്രീരാമന്‍ അപ്പോള്‍ വെറ്റില മുറുക്കിക്കൊണ്ടാണ് ഇരിക്കുന്നത്. മ്യൂസിക് കേട്ടുകഴിഞ്ഞ് മുറുക്കി തുപ്പിക്കൊണ്ട് ശ്രീരാമന്‍ പറഞ്ഞു ‘നല്ല മലയാളത്തനിമയെന്ന്’. അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും കൂടെ ഉറക്കെ ചിരിച്ചു. മ്യൂസിക്കിനെ കളിയാക്കിയെന്ന് പറഞ്ഞ് മമ്മൂക്ക ശ്രീരാമനെ ഷോയില്‍ നിന്ന് പുറത്താക്കിയെന്നും നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിനാണ് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം ശ്രീരാമന് നഷ്ടമായതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlight: Actor Harish Peradi criticizes director Siddique