| Friday, 11th December 2020, 11:59 pm

അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ കാലില്‍ ചുഴറ്റി അറബിക്കടലില്‍ എറിയണമെന്ന ബി.ജെ.പി രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് എതിരെ നടന്‍ ഹരീഷ് പേരടി.

അറബിക്കടലില്‍ എറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണതെന്നും ഹരീഷ് പറഞ്ഞു.

ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുകയെന്നും ഹരീഷ് പറഞ്ഞു. നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു.

കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

‘സ്മരണ വേണം. സ്മരണ. ആ സ്മരണയില്ലാത്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ നെറികേടുകാണിച്ച ഒരു സര്‍ക്കാരിനെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലില്‍ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം. എടുത്ത് എറിയുംതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്. ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല. ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും. കളമറിഞ്ഞ് കളിക്കുക.’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Hareesh Peradi replied to actor and MP Suresh Gopi

We use cookies to give you the best possible experience. Learn more