| Tuesday, 31st October 2023, 12:40 pm

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി ദുല്‍ഖറിനെ കാണുന്നത്, അന്ന് അദ്ദേഹം ഡി.ക്യു ആയിട്ടില്ല: ഹരി മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് നടന്‍ ഹരി മുരളി. അണ്ണന്‍ തമ്പിയില്‍ ബാലതാരമായി അഭിനയിക്കുമ്പോഴാണ് മമ്മൂട്ടിക്കൊപ്പം ദുല്‍ഖറിനെ കണ്ടതെന്നും അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ടില്ലെന്നും ഹരി മുരളി പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുണ്ടായ അനുഭവവും വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരി മുരളി പറഞ്ഞിരുന്നു.

‘ഞാന്‍ മമ്മൂക്കയുടെ കൂടെ ആദ്യത്തെ പടം ചെയ്തത് അണ്ണന്‍ തമ്പി ആയിരുന്നു. പക്ഷേ എനിക്ക് മമ്മൂക്കയുടെ കൂടെ കോമ്പിനേഷന്‍ സീന്‍ ഒന്നും ഉണ്ടായിരുന്നില്ല. ലൊക്കേഷന്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ദുല്‍ഖറിനെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് അണ്ണന്‍ തമ്പിയുടെ ലൊക്കേഷനില്‍ വെച്ചിട്ടാണ്. ആ സമയത്ത് ദുല്‍ഖര്‍ ഈ പറയുന്ന ഡി.ക്യു ആയിട്ടില്ല. ഇക്ക ആ സമയത്ത് പഠിക്കുകയാണെന്ന് തോന്നുന്നു.

പിന്നീട് പട്ടണത്തില്‍ ഭൂതം വരുന്ന സമയത്ത് അവാര്‍ഡ് ഫങ്ഷന് പോയപ്പോള്‍ അവിടെ മമ്മൂക്ക ഉണ്ടായിരുന്നു. എന്റെ അച്ഛന് നാടകത്തിന്റെ അവാര്‍ഡ് കിട്ടി, ഞാന്‍ അത് വാങ്ങാനായിട്ട് സ്റ്റേജിലേക്ക് കയറി ചെല്ലുമ്പോള്‍ മമ്മൂക്ക എന്നോട് ‘നീ എന്താഡാ ഇവിടെ’ എന്നാണ് ചോദിച്ചത്. അദ്ദേഹത്തിന് എന്നെ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യവുമില്ല. എന്റെ കൂടെ ഒരു സീന്‍ പോലും അദ്ദേഹം അഭിനയിച്ചിട്ടില്ല. ആ സമയം ബെന്നി അങ്കിള്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു ‘അവന്റെ അച്ഛനാണ് മുരളി, അവാര്‍ഡ് വാങ്ങാന്‍ വന്നതാണ്’ എന്ന്,’ ഹരി മുരളി പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി താന്‍ ഒരു സ്‌ക്രിപ്റ്റ് ചെയ്യുന്നുണ്ടെന്നും അത് തന്റെ ഡ്രീം പ്രൊജക്ടാണെന്നും ഹരി മുരളി പറഞ്ഞു. മമ്മൂട്ടി ചെയ്തില്ലെങ്കില്‍ ആ പ്രൊജക്ട് സംഭവിക്കില്ലെന്നും മറ്റൊരാള്‍ അതില്‍ നായകനാവില്ലെന്നും ഹരിമുരളി പറഞ്ഞു.

‘മമ്മൂക്കയെ വെച്ചുള്ള സിനിമയാണ് എന്റെ ഡ്രീം പ്രൊജക്ട്. പ്രോബബളി മമ്മൂക്ക തന്നെയായിരിക്കും. അല്ലാതെയുള്ള സിനിമകള്‍ക്ക് വേണ്ടിയുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മമ്മൂക്കക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റിന്റെ മേല്‍ അഞ്ച് വര്‍ഷത്തോളമായി വര്‍ക്ക് നടക്കുകയാണ്. മമ്മൂക്ക ചെയ്തില്ലെങ്കില്‍ ആ പ്രൊജക്ട് സംഭവിക്കില്ല. അത് വേറെ ഒരാള്‍ ചെയ്യുകയുമില്ല. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആ പ്രൊജക്ട് ചെയ്തിരിക്കുന്നത്,’ ഹരി മുരളി പറഞ്ഞു.

Content Highlight: Actor Hari Murali shares his experience of meeting Dulquer Salmaan for the first time

We use cookies to give you the best possible experience. Learn more