| Wednesday, 1st November 2023, 9:27 am

ഉറങ്ങിക്കിടന്ന മമ്മൂക്കയെ അന്ന് ഇന്നസെന്റ് അങ്കിളാണ് വിളിച്ചെഴുന്നേല്‍പ്പിച്ചത്, ആ ഫോട്ടോ ഇന്നും വീട്ടിലുണ്ട്: ഹരി മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒന്നില്‍ പഠിക്കുന്ന തന്റെ അനിയന് ഫോട്ടോ എടുക്കാനായി ഉറങ്ങി കിടന്ന മമ്മൂട്ടിയെ എഴുന്നേല്‍പ്പിച്ച സംഭവം പറയുകയാണ് നടന്‍ ഹരി മുരളി. പട്ടണത്തില്‍ ഭൂതത്തില്‍ ബാലതാരമായി അഭിനയിക്കുമ്പോഴാണ് സംഭവം നടന്നതെന്നും അന്ന് ഇന്നസെന്റാണ് മമ്മൂട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ചതെന്നും ഹരി മുരളി പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിക്കുന്ന സമയത്ത്. ഞാന്‍ ഇക്കയുടെ കാരവാനില്‍ കയറിയിട്ടുണ്ട്. എന്റെ അനിയന്‍ ഒന്നിലൊക്കെ പഠിക്കുന്ന സമയമാണ്. എന്റെ അനിയന് മമ്മൂക്കയെ കാണണമെന്ന് പറഞ്ഞ് കാരവനിലേക്ക് ചെല്ലുമ്പോള്‍ ഇക്ക കിടന്നുറങ്ങുകയാണ്. നല്ല കള്ളി മുണ്ടൊക്കെ ഉടുത്തിട്ടാണ് കിടന്നുറങ്ങുന്നത്. ഇന്നസെന്റ് അങ്കിള്‍ ഇക്കയെ വിളിച്ച് എണീപ്പിച്ചിട്ട് അനിയന്റെ കൂടെ എടുത്ത ഒരു ഫോട്ടോ എന്റെ വീട്ടില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്.

കാലിന് തളര്‍ച്ചയുള്ള ഒരു കസിന്‍ എനിക്കുണ്ട്. നടക്കാന്‍ പറ്റില്ല. വീല്‍ ചെയറിലാണ് സഞ്ചരിക്കുന്നത്. ജംബോ സര്‍ക്കസില്‍ ഷൂട്ട് നടക്കുമ്പോള്‍ ഇക്കയെ കാണമെന്ന് പറഞ്ഞ് ഈ കസിന്‍ വന്നിട്ടുണ്ടെന്ന് ഞാന്‍ ജോര്‍ജേട്ടനോട് പറഞ്ഞു. നീ തന്നെ പോയി പറഞ്ഞോ, ഇപ്പോള്‍ നല്ല മൂഡാണെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചപ്പോള്‍ ഇവിടെ അങ്ങനെ പുറത്തൂന്ന് ആള്‍ക്കാരെ കയറ്റാന്‍ പറ്റില്ലെന്നാണ് ഇക്ക പറഞ്ഞത്.

എന്നോട് അങ്ങനെ പറഞ്ഞെങ്കിലും ഷൂട്ട് കഴിഞ്ഞ് കുട്ടിയെ അകത്തേക്ക് കൊണ്ടുവരാന്‍ ഇക്ക ജോര്‍ജേട്ടനോട് പറഞ്ഞിരുന്നു. പക്ഷേ അപ്പോഴേക്കും ബാത്ത്‌റൂമിലെന്തോ പോകാനായി ചേച്ചി ഹോട്ടലിലേക്ക് പോയി. പക്ഷേ ഇക്ക സര്‍ക്കസ് ടെന്റില്‍ നിന്നും പുറത്തിറങ്ങി എന്റെ അടുത്തേക്ക് വന്നു. നിന്റെ ചേച്ചി എവിടെ, എന്നെ കാണമമെന്ന് പറഞ്ഞില്ലേ എന്ന് ചോദിച്ചു. അത്രയും ഹമ്പിളായ വ്യക്തിയാണ് മമ്മൂക്ക,’ ഹരി മുരളി പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി താന്‍ ഒരു സ്‌ക്രിപ്റ്റ് ചെയ്യുന്നുണ്ടെന്നും അത് തന്റെ ഡ്രീം പ്രൊജക്ടാണെന്നും ഹരി മുരളി പറഞ്ഞു. മമ്മൂട്ടി ചെയ്തില്ലെങ്കില്‍ ആ പ്രൊജക്ട് സംഭവിക്കില്ലെന്നും മറ്റൊരാള്‍ അതില്‍ നായകനാവില്ലെന്നും ഹരിമുരളി പറഞ്ഞു.

‘മമ്മൂക്കയെ വെച്ചുള്ള സിനിമയാണ് എന്റെ ഡ്രീം പ്രൊജക്ട്. പ്രോബബളി മമ്മൂക്ക തന്നെയായിരിക്കും. അല്ലാതെയുള്ള സിനിമകള്‍ക്ക് വേണ്ടിയുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മമ്മൂക്കക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റിന്റെ മേല്‍ അഞ്ച് വര്‍ഷത്തോളമായി വര്‍ക്ക് നടക്കുകയാണ്. മമ്മൂക്ക ചെയ്തില്ലെങ്കില്‍ ആ പ്രൊജക്ട് സംഭവിക്കില്ല. അത് വേറെ ഒരാള്‍ ചെയ്യുകയുമില്ല. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആ പ്രൊജക്ട് ചെയ്തിരിക്കുന്നത്,’ ഹരി മുരളി പറഞ്ഞു.

Content Highlight: Actor Hari Murali is telling the incident of waking up Mammootty for taking a photo 

We use cookies to give you the best possible experience. Learn more