കൊച്ചി: കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രറ്റികള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി.
ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്, സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന ഒരു ഉപദേശം കൂടി താങ്കള്‍ നല്‍കണമെന്നും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ എന്നുമായിരുന്നു ഹരീഷ് പേരടി പ്രതികരിച്ചത്.
‘ഇയാളെ കാണാന്‍ എന്നെ പോലെയുണ്ടെന്ന് കേരളത്തില്‍ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നോട് പറഞ്ഞിരുന്നു. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു. ഇന്ന് ഏല്ലാ സുഖവും പോയി. അന്നം തരുന്ന കര്‍ഷകനോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരാളുടെ രൂപത്തില്‍ എനിക്ക് ഒരു അഭിമാനവുമില്ല.
ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോല്‍സാഹനം സ്വീകരിക്കരുത്…സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍…ഇന്‍ഡ്യക്കാരുടെ കാര്യത്തില്‍ ഇന്‍ഡ്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ., ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെയായിരുന്നു സച്ചിന്‍ രംഗത്തെത്തിയത്. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാമെന്നും എന്നാല്‍ രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.
#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍. അക്ഷയ് കുമാര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സുനില്‍ ഷെട്ടി തുടങ്ങി നിരവധി പേരാണ് സമാനമായ ട്വീറ്റുകള്‍ ഇതേ ഹാഷ്ടാഹാഷ്ടാഗില്‍ പങ്കുവെച്ചിരുന്നു.