| Sunday, 20th December 2020, 7:50 am

'കുടുംബം എന്ന സ്ഥാപനത്തിലെ ഭരണകൂട ഭീകരത തുറന്നു കാട്ടുന്ന സിനിമ'; പാവ കഥൈകള്‍ കാണാതെ പോകരുതെന്ന് ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ നാല് സിനിമകളടങ്ങിയ ആന്തോളജിയാണ് പാവ കഥൈകള്‍. മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ പ്രതികരണം പങ്കുവെച്ചിരിക്കുന്നത് സിനിമാ നടനായ ഹരീഷ് പേരടിയാണ്. ഈ സിനിമ നിങ്ങള്‍ കാണാതെ പോകരുതെന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്.

കുടുംബം എന്ന സ്ഥാപനത്തിലെ ഭരണകൂട ഭീകരത തുറന്നു കാട്ടുന്ന സിനിമയാണിതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതി.

നാല് സംവിധായകര്‍ക്കും എന്റെ കണ്ണീര്‍ സമ്മാനമായി തരുന്നെന്നും ജാതി-മത-ലിംഗ വ്യത്യാസങ്ങളോട് സ്‌നേഹം പൊരുതുന്ന കലാസൃഷ്ടിയാണിതെന്നും ഹരീഷ് പറയുന്നു.

‘ഈ സിനിമ നിങ്ങള്‍ കാണാതെ പോകരുത്…കുടുംബം എന്ന സ്ഥാപനത്തിലെ ഭരണ കൂട ഭീകരത തുറന്നു കാട്ടുന്ന സിനിമ…ജാതി,മത,ലിംഗ വിത്യാസങ്ങളോട് സ്‌നേഹം പൊരുതുന്ന കലാസൃഷ്ടി…കഥാപാത്രങ്ങള്‍ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്നു…നാല് സംവിധായകര്‍ക്കും എന്റെ കണ്ണീര്‍ സമ്മാനമായി തരുന്നു…എന്റെ കൈയ്യില്‍ അതേയുള്ളു..,’ഹരീഷ് ഫേസ്ബുക്കിലെഴുതി.

പാവ കഥൈകളിലെ നാല് സിനിമകള്‍ സംവിധാനം ചെയ്ത വിഗ്നേഷ് ശിവന്‍, വെട്രിമാരന്‍, സുധാ കൊങ്കാര, ഗൗതം മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹരീഷ് തന്റെ പ്രതികരണം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്.

പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായി പല്ലവി, ശാന്തനു ഭാഗ്യരാജ്, തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സുധാ കൊങ്കാര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ ട്രാന്‍സ് വ്യക്തിയായി എത്തുന്ന കാളിദാസ് ജയറാമിന്റെ കഥാപാത്രവും ഊര്‍ ഇരവ് എന്ന സിനിമയിലെ സായി പല്ലവിയുടെ കഥാപാത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇരുവരുടെയും പ്രകടനങ്ങള്‍ക്ക് ലഭിക്കുന്നത്.

ആര്‍.എസ്.വി.പി മൂവിസും ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Hareesh Peradi response about movie anthology Paava Kadhaigal

We use cookies to give you the best possible experience. Learn more