| Tuesday, 23rd May 2023, 11:51 pm

എറണാകുളത്ത് മുസ്‌ലിമാണെങ്കില്‍ വീട് കിട്ടില്ലെന്നത് വര്‍ഗീയ വിഷം തുപ്പല്‍; ബി.ജെ.പി ജില്ലാ ഓഫീസില്‍ പോയി പറഞ്ഞാലും പ്രശ്‌നം പരിഹരിക്കും: ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലിം പേരുള്ളതുകൊണ്ട്  എറണാകുളത്ത് വാടകവീട് നിഷേധിച്ചെന്ന തിരക്കഥാകൃത്ത് പി.വി. ഷാജികുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. 18 വര്‍ഷമായി താന്‍ ജീവിക്കുന്ന നഗരമാണ് എറണാകുളമെന്നും അവിടെ ഒരു മുസ്‌ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ലെന്ന പൊതുബോധമുണ്ടാക്കുന്നത് വര്‍ഗീയ വിഷം തുപ്പലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് എറണാകുളത്തുള്ളതെന്നും, ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടെങ്കില്‍ ബി.ജെ.പിയുടെ ജില്ലാ കമറ്റി ഓഫിസിന് മുന്നില്‍ നിന്ന് പറഞ്ഞാലും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

’18 വര്‍ഷമായി ഞാന്‍ ജീവിക്കുന്ന നഗരമാണ് എറണാകുളം. കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം. കാരണം ഇവിടെ 60 ശതമാനത്തിലധികം പല നാട്ടില്‍ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്.

ഇവിടെ ഒരു മുസ്‌ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്‌ലിം
സഹോദരങ്ങളെ മനപൂര്‍വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദല്‍ കേരളാ സ്റ്റോറിയാണെന്ന് ഞാന്‍ ഉറക്കെ പറയും.

കേരളത്തില്‍ ഉടനീളം എല്ലാ മതക്കാര്‍ക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മള്‍ ഇവിടെ വരെ എത്തിയത്. കേരളിയ സമൂഹത്തിലേക്ക് ഇത്തരം വര്‍ഗീയ വിഷം തുപ്പുന്ന കഥയെഴുതാന്‍ അച്ചാരം വാങ്ങിയവര്‍ അത് തന്നവര്‍ക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്.

മുസ്‌ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കില്‍, നിങ്ങള്‍ ഇത്രയും ചെയ്യതാല്‍ മതി…എറണാകുളം മാര്‍ക്കറ്റില്‍ നിന്നോ, സി.പി.ഐ.എമ്മിന്റെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ, എന്തിന് ബി.ജെ.പിയുടെയോ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്ന് നിങ്ങളുടെ പ്രശ്‌നം ഉറക്കെ വിളിച്ചുപറയുക. നിങ്ങള്‍ക്ക് വീടും ജീവിതവും കിട്ടിയിരിക്കും.

അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ. ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകര്‍ക്കല്ലേ. എറണാകുളം എത്ര കൊക്കുകളെ കണ്ടതാ,’ ഹരീഷ് പേരടി കുറിച്ചു.

അതേസമയം, കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്‌ലിം പേരുള്ളതിനാൽ വീട് നിഷേധിച്ച ദുരനുഭവമായിരുന്നു പി.വി. ഷാജികുമാര്‍ പങ്കുവെച്ചിരുന്നത്.

പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിമാണോയെന്ന് ബ്രോക്കര്‍ ചോദിച്ചുവെന്നും, മുസ്‌ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നുമാണ് ഓണര്‍ പറഞ്ഞന്നുമായിരുന്നു ഷാജികുമര്‍ എഴുതിയിരുന്നത്.

പി.വി. ഷാജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനില വീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.

‘പേരേന്താ..?’
‘ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
‘മുസ്‌ലിമാണോ..?’
ഞാന്‍ ചോദ്യഭാവത്തില്‍ അയളെ നോക്കുന്നു.
‘ഒന്നും വിചാരിക്കരുത് , മുസ്‌ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..”

‘ഓ… ഓണര്‍ എന്ത് ചെയ്യുന്നു..’
‘ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനിയറാ..’
‘ബെസ്റ്റ്..’
ഞാന്‍ സ്വയം പറഞ്ഞു. ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്. ഷാജിയെന്നത് സര്‍വമത സമ്മതമുള്ള പേരാണല്ലോ. മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്.

‘എനിക്ക് വീട് വേണ്ട ചേട്ടാ..’
ഞാന്‍ ഇറങ്ങുന്നു.

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’

Content Highlight: Actor Hareesh Peradi reacted to Screenwriter P.V. Shajikumar’s revelation was denied a rented house in Ernakulam because he was a Muslim name 

We use cookies to give you the best possible experience. Learn more