തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് വന്ന നേതാക്കളെ സി.പി.ഐ.എം അംഗത്വം നല്‍കി സ്വീകരിച്ചതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് വിട്ട് വരുന്ന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേരുന്നതും പാര്‍ട്ടി വിട്ട് പോയ ടി.പി. ചന്ദ്രശേഖരനെ സി.പി.ഐ.എം കൈകാര്യം ചെയ്ത രീതിയും പിന്നീടുണ്ടായ ടി.പി. വധവും താരതമ്യപ്പെടുത്തിയാണ് ഹരീഷിന്റെ പോസ്റ്റ്.
ഒരു പാര്‍ട്ടിക്കാരന്‍ ലോക്കല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി, ജില്ല കമ്മിറ്റി എന്നീ കടമ്പകള്‍ കടന്ന് നേതാവായിട്ട് അയാള്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞാല്‍ അയാള്‍ പാര്‍ട്ടി വിരുദ്ധനും കുലംകുത്തിയുമാവുമെന്നും എന്നാല്‍ ചെറുപ്പം മുതല്‍ സി.പി.ഐ.എമ്മിന് എതിരെ മുദ്രാവാക്യം വിളിച്ച മറ്റ് പാര്‍ട്ടിയിലുള്ളവര്‍ പെട്ടന്ന് സി.പി.ഐ.എമ്മില്‍ എത്തിയാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത രീതികള്‍ നമ്മള്‍ കൈവിടും എന്നും ഹരീഷ് പേരടി തന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
‘നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒന്നുമറിയില്ല…ഒരാള്‍ സാമൂഹ്യ ജീവിതത്തില്‍ ഇടപ്പെട്ട് LC,AC,DC അങ്ങിനെ എന്തെല്ലാം കടമ്പകള്‍ കടന്നാണ് ഒരു നേതാവാവുന്നത് എന്ന് അറിയാമോ?’ ഹരീഷ് തന്റെ പോസ്റ്റിന്റെ തുടക്കത്തില്‍ ചോദിക്കുന്നു.
‘അയാള്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധനും കുലംകുത്തിയുമാവുന്നത് സ്വാഭാവികം. പക്ഷെ എട്ടാം ക്ലാസ്സുമുതല്‍ പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരാള്‍ പെട്ടന്ന് പാര്‍ട്ടിക്കാരനാവാന്‍ തീരുമാനിച്ചാല്‍ ആ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തില്‍ LC,AC,DC തുടങ്ങിയ പരമ്പരാഗത രീതികള്‍ നമ്മള്‍ കൈ വിടേണ്ടിയിരിക്കുന്നു,’ ഹരീഷ് പോസ്റ്റില്‍ പറഞ്ഞു.
’51 വെട്ടുകള്‍ക്ക് പകരം 51 പുകഴ്ത്തലുകള്‍ കാലം ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ നിസഹായരാണ്. മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാര്‍ട്ടിയുടെ വിശാലത മാത്രം ഉള്‍കൊള്ളുക. ലാല്‍സലാം,’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്റെ ഒരു ചിത്രവും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ പുതിയ ഡി.സി.സി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പി.സ്. പ്രശാന്ത്, കെ.പി. അനില്‍ കുമാര്‍, ജി. രതികുമാര്‍ എന്നീ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ എത്തിയിരുന്നു.
പുനസംഘടനയെത്തുടര്‍ന്ന് രാജിവെച്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍ സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറി സുദേവനൊപ്പം എ.കെ.ജി സെന്ററിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. രതികുമാറിനെ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും പറഞ്ഞിരുന്നു.
മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ഇനിയുള്ള കാലം സി.പി.ഐ.എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട കെ.പി. അനില്‍ കുമാര്‍ പ്രതികരിച്ചത്.