സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി അതിലുണ്ട്, ഇത് ഭരണഘടനാ വിരുദ്ധമാണ്: ഹരീഷ് പേരടി
Entertainment news
സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി അതിലുണ്ട്, ഇത് ഭരണഘടനാ വിരുദ്ധമാണ്: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th April 2023, 7:57 am

ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തിനെയും വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നുവെന്നും എന്നാല്‍ അംഗത്വവും രജിസ്‌ട്രേഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നും അംഗത്വം ഇല്ലാത്തവര്‍ എത്ര വലിയ കലാകാരന്‍മാര്‍ ആണെങ്കിലും സംഘടനയുടെ ഭാഗമല്ലെങ്കില്‍ സംഘടനാ വാള്‍ നിങ്ങളുടെ തലക്ക് മുകളില്‍ തൂങ്ങുന്നുണ്ടെന്ന ഭീഷണിയാണ് അതിലുള്ളതെന്നും ഹരീഷ് പേരടി പറഞ്ഞു.

ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണെന്നും അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച താന്‍ ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നു.

പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്‌ട്രേഷന്‍ നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചില്‍)ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണ്.

ചോദിക്കാനും പറയാനും പിന്നില്‍ ആളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും ആവാമെന്നും സംഘടനകളില്‍ അംഗത്വം ഇല്ലാത്തവര്‍ എത്ര വലിയ കലാകാരന്‍മാര്‍ ആണെങ്കിലും ജനങ്ങള്‍ മനസ്സിലേറ്റിയവര്‍ ആയാലും നിങ്ങള്‍ സംഘടനയുടെ ഭാഗമല്ലെങ്കില്‍ ഒരു സംഘടനാ വാള്‍ നിങ്ങളുടെ തലക്ക് മുകളില്‍ തൂങ്ങുന്നുണ്ടെന്ന ഭീഷണിയാണ്.

ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തില്‍ പറ്റാത്തതാണ്. അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച ഞാന്‍ ഇനിയും മലയാള സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം.

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സംയുക്ത സിനിമാ സംഘടനകള്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് അറിയിച്ചിരുന്നത്.

മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്നും രണ്ട് നടന്മാരും പെരുമാറുന്നത് പലപ്പോഴും ബോധമില്ലാതെയാണെന്നുമായിരുന്നു നിര്‍മാതാവ് രഞ്ജിത്ത് പറഞ്ഞത്. സിനിമയുടെ നന്മക്ക് വേണ്ടിയാണ് തീരുമാനമെന്നായിരുന്നു എം.രഞ്ജിത്തിന്റെ വിശദീകരണം.

content highlight: actor hareesh peradi about sreenath bhasi and shane nigam issue