| Monday, 12th February 2024, 1:30 pm

ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും, അവസാനം സംഘിയായേക്കാമെന്ന് തോന്നും: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്ന എന്ന് നടന്‍ പ്രകാശ് രാജിന്റെ പരാമര്‍ശത്തെ എതിര്‍ത്തതിന് കൃത്യമായ കാരണമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. പ്രകാശ് രാജ് നരേന്ദ്രമോദിയെ വിമര്‍ശിച്ചതുകൊണ്ടൊന്നുമല്ല താന്‍ അത് പറഞ്ഞതെന്നും കേരളം അദ്ദേഹം ഉദ്ദേശിക്കുന്നത്ര നല്ല നാടല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

നരേന്ദ്രമോദിയെ വിമര്‍ശിച്ചതുകൊണ്ടല്ല. കേരളം നിങ്ങളുദ്ദേശിക്കുന്നതുപോലുള്ള ഒരു ലോകമല്ലെന്നും ഇവിടേയും പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തോട് പറയേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് അത്.

നരേന്ദ്രമോദിയെ ആളുകള്‍ വിമര്‍ശിക്കുന്നത് താങ്കള്‍ക്കൊരു പ്രശ്‌നമല്ലേ എന്ന ചോദ്യത്തിന് നരേന്ദ്രമോദിയെ ധാരാളം വിമര്‍ശിക്കുന്ന ഒരാളാണ് താനെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

മോദി നല്ല കാര്യം ചെയ്തപ്പോള്‍ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. കാരണം എന്റെ വീടിന്റെ അടുത്താണ്. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ചപ്പോള്‍ ഞാന്‍ അതിനെ അനുകൂലിക്കുന്നു. കാരണം ഏറ്റവും നല്ല കാര്യമാണ്.

റെയില്‍വേയുടെ വളവ് നികത്തുമെന്നും 130 സ്പീഡിന് മുകളില്‍ ഓടിയാല്‍ ഞാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. എന്താ എനിക്ക് പറഞ്ഞൂടേ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുമുണ്ട്. എന്നുകരുതി തൊട്ടുകൂടായ്മയുടെ ആവശ്യമില്ല. കാരണം ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അത്.

ചന്ദ്രയാനെ അനുമോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ എന്നെ ഒരു സംഘിയാക്കാന്‍ മറക്കരുതേ എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഒരു രീതി കേരളത്തില്‍ ഉണ്ട് എന്നതിന് കൊടുത്ത കൊട്ടാണോ അത് എന്ന ചോദ്യത്തിന് തീര്‍ച്ചയായും ആണെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

നമ്മള്‍ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും. അത് വളരെ എളുപ്പമാണ്. അവസാനം അതില്‍ ദുഖിക്കേണ്ടി വരും.

കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും. അങ്ങനെ ഒരു ഉദ്ദേശം ഇല്ലാത്തവര്‍ പോലും. എന്തായാലും പേര് വീണു എന്നാല്‍ സംഘിയായേക്കാമെന്ന് കരുതും. അങ്ങനെ ആക്കി മാറ്റരുത് ഈ വിളി. ബി.ജെ.പിക്കും വേണമെങ്കില്‍ ഒരു നാടകം ചെയ്യാം. നിങ്ങള്‍ എന്നെ സംഘിയാക്കി എന്ന് പറഞ്ഞിട്ട്.

ബി.ജെ.പി പക്ഷത്തേക്ക് മാനസികമായി ചാഞ്ചാട്ടമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

ഗസ വിഷയത്തില്‍ കോഴിക്കോട് പ്രതിഷേധിച്ചപ്പോള്‍ കോഴിക്കോട് ഗസയാക്കരുത് എന്ന് താങ്കള്‍ കുറിപ്പിട്ടിരുന്നു. കോഴിക്കോട് പ്രതിഷേധിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന ചോദ്യത്തിന് ഫലസ്തീനിലെ സംഭവത്തിലേക്ക് താന്‍ കടക്കുന്നില്ലെന്നും കോഴിക്കോട് എന്തിനാണ് തിരഞ്ഞെടുക്കുന്നതെന്നുമായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

ഈ പരിപാടി എന്തുകൊണ്ട് പത്തനംതിട്ടയോ തിരുവല്ലയോ നടത്തുന്നില്ല. കോഴിക്കോട് തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു.

കോഴിക്കോടിന് അതല്ലാത്ത മാനമുണ്ടല്ലോ എന്നും സാംസ്‌ക്കാരിക പാരമ്പര്യമുള്ള സ്ഥലത്ത് ആഗോള ശ്രദ്ധയാകര്‍ഷിച്ച കാര്യത്തില്‍ ഒരു പ്രതിഷേധം നടക്കുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യത്തിന് സാംസ്‌ക്കാരിക പാരമ്പര്യമുള്ള ഒരു സ്ഥലത്ത് ഒരു സാംസ്‌ക്കാരിക സമ്മേളനം നടക്കുന്നതില്‍ തെറ്റില്ലെന്നും പക്ഷേ ഇതിന് പിന്നില്‍ അതല്ല ലക്ഷ്യമെന്നുമായിരുന്നു പേരടിയുടെ മറുപടി.

ഞാന്‍ പറയാതെ തന്നെ വരികള്‍ക്കിടയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് വായിക്കാം. ഗസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ഫലസ്തീനാണെങ്കിലും ഇസ്രഈലാണെങ്കിലും ഉക്രൈനാണെങ്കിലും യുദ്ധം അവസാനിപ്പിക്കേണ്ടത് തന്നെയാണെന്നും യുദ്ധം പരിഹാരമല്ലെന്നുമായിരുന്നു ഹരീഷ് പേരടിയുടെ മറുപടി.

Content Highlight: Actor Hareesh peradi about Narendra Modi and Sankhi trolls

We use cookies to give you the best possible experience. Learn more