| Tuesday, 18th April 2023, 8:14 am

ഭാര്യക്ക് പ്രണയമുണ്ടെന്ന് പറയുമ്പോള്‍ സഹിക്കാന്‍ പറ്റില്ല, പക്ഷെ അപ്പോഴും അയാള്‍ക്ക് പ്രണയമുണ്ട്: ഹക്കീം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, അനശ്വര, ഹക്കീം ഷാ, മമിത ബൈജു, മനോജ് കെ.യു, മിയ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് പ്രണയവിലാസം. ഒരേസമയം പല കാലഘട്ടങ്ങളിലെ പ്രണയം പറഞ്ഞ സിനിമയായിരുന്നു അത്. ചിത്രം കണ്ടതിനുശേഷം നടി മാല പാര്‍വതി തന്നോട് പറഞ്ഞ കമന്റിനെ കുറിച്ച് പറയുകയാണ് ഹക്കീം ഷാ.

പല സിനിമകളും ഫെമിനിസം പറയാന്‍ വേണ്ടി പറയുന്ന പോലെ തോന്നുമെന്നും എന്നാല്‍ പ്രണയവിലാസത്തില്‍ അങ്ങനെ അല്ലെന്നും മാല പാര്‍വതി തന്നോട് പറഞ്ഞുവെന്ന് ഹക്കീം പറഞ്ഞു. ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെയും മനോജ്.കെ.യുവിന്റെയും കഥാപാത്രത്തെ കുറിച്ചും സിനിമ പ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിച്ചു.

‘സിനിമ കണ്ടിട്ട് എന്നെ മാല പാര്‍വതി ചേച്ചി വിളിച്ചിരുന്നു. എനിക്ക് സിനിമ ഭയങ്കരമായി ഇഷ്ടമായി, വിനോദിനെ കണ്ടപ്പോള്‍ പ്രണയിക്കാന്‍ തോന്നി എന്നൊക്കെ പറഞ്ഞിരുന്നു. ചേച്ചി നല്ല കാര്യമായിട്ടാണ്‌ എന്നോട് സംസാരിച്ചത്. ഇപ്പോഴത്തെ പല സിനിമകളും ഫെമിനിസം പറയാന്‍ വേണ്ടി പറയുന്നതുപോലെ ഒരു ഫീല്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമ അങ്ങനെ അല്ലെന്നാണ് ചേച്ചി എന്നോട് പറഞ്ഞത്.

ഭയങ്കര രസമായിട്ട് ഈ സിനിമയില്‍ ഫെമിനിസം പറഞ്ഞിട്ടുണ്ട്. അമ്മയുടെ പ്രണയം, അതുപോലെ അടുക്കള രാഷ്ട്രീയം എന്നിവയൊക്കെ മനോഹരമായിട്ടാണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ അത് പലര്‍ക്കും മനസിലായിട്ടില്ലെന്നാണ് പുള്ളിക്കാരിക്ക് തോന്നിയതെന്നും പറഞ്ഞു. പുള്ളിക്കാരിയുടെ കമന്റ് എനിക്ക് ഇഷ്ടമായി.

കാരണം ഇത്തരം വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്ന പുള്ളിക്കാരിയെ പോലെ ഒരാള്‍ അങ്ങനെ പറയുന്നത് കൂടുതല്‍ മൂല്യമുള്ളതായി തോന്നി. ഈ സിനിമ ഒരുപാട് രാഷ്ട്രീയം പറയുന്നുണ്ട്. മനോജേട്ടന്റെ കഥാപാത്രം ഭയങ്കരമായി ഇഗോയുള്ളയാളാണ്. ഭാര്യക്ക് വേറൊരു പ്രണയമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അയാള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. പക്ഷെ പുള്ളി അപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെയാണ് സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ അര്‍ജുന്റെ കഥാപാത്രം അച്ഛന്റെ ഈഗോയെ തൃപ്ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. അവരുടെ പ്രണയത്തന്റെ മൂല്യം എന്താണെന്നൊക്കെ ആദ്യം മനസിലാക്കുന്നത് അയാളാണ്. ആദ്യം നമ്മള്‍ വിചാരിക്കും അയാള്‍ ഒരു കോഴിയാണെന്ന്. പക്ഷെ അങ്ങനെയല്ല,’ ഹക്കീം ഷാ പറഞ്ഞു.

content highlight: actor hakkim shah about pranayavilasam movie

We use cookies to give you the best possible experience. Learn more