| Sunday, 16th October 2022, 9:25 pm

സൂപ്പര്‍ വില്ലനോ, ഞാനോ! എനിക്ക് ചെറുതായി വിഷമം തോന്നി, കാരണം അറിഞ്ഞപ്പോള്‍ അതെല്ലാം മാറി: ഗുരു സോമസുന്ദരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ഗുരു സോമസുന്ദരം. ബിജു മേനോന്‍ നായകനാകുന്ന നാലാം മുറയിലും ശക്തനായ വില്ലന്‍ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

പുതിയ സിനിമ നാലാം മുറയുടെ അനുഭവങ്ങള്‍ കൗമുദി മൂവീസുമായി പങ്കുവെക്കുമ്പോഴാണ് മിന്നല്‍ മുരളിയിലേക്ക് ബേസില്‍ വിളിച്ച അനുഭവം അദ്ദേഹം പറഞ്ഞത്.

സൂപ്പര്‍ വില്ലന്‍ താനാണെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. പ്രൊമോഷനിടെ എവിടെയും തന്നെ കാണിക്കാതിരുന്നപ്പോള്‍ വിഷമം ആയിരുന്നുവെന്നും എന്നാല്‍ അതിന്റെ കാരണം അറിഞ്ഞപ്പോള്‍ അതെല്ലാം മാറിയെന്നും സോമസുന്ദരം പറഞ്ഞു.

”ആദ്യം ബേസില്‍ വിളിച്ചപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ലായിരുന്നു. ആരോ എന്നെ കളിയാക്കാന്‍ വിളിച്ചതാണെന്നാണ് കരുതിയത്. ഞാനാണ് സൂപ്പര്‍ വില്ലന്‍ എന്ന് തുടങ്ങി കഥപറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു. സൂപ്പര്‍ വില്ലനോ, ഞാനോ നുണ പറയരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

ഒരു ഓഡിഷനോ മേക്കപ്പ് ടെസ്റ്റോ ഇല്ലാതെയാണ് എന്നെ വിളിച്ചത്. നിങ്ങളെ തന്നെയാണ് എനിക്ക് വേണ്ടത്, കുറച്ച് താടിയൊക്കെ വളര്‍ത്തിയാല്‍ മതിയെന്നു പറഞ്ഞു. കഥാപാത്രത്തിന്റെ നറേഷന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു.

എന്താണ് എന്നെ സെലക്ട് ചെയ്യാനുള്ള കാരണമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല, വെറുതെ എന്നെ നോക്കി ചിരിച്ചു. പിന്നീട് മുംബൈയില്‍ പ്രീമിയര്‍ കഴിഞ്ഞപ്പോള്‍ അന്ന് രാത്രി ഞാന്‍ വീണ്ടും ചോദിച്ചു.

എന്റെ ജോക്കറും വഞ്ചകര്‍ ഉലകവും കണ്ടിട്ടുണ്ടെന്നും അസോസിയേറ്റ് ഡയറക്ടറും എന്നെക്കുറിച്ച് പറഞ്ഞിരുന്നെന്നുമാണ് അദ്ദേഹം മറുപടി തന്നത്. പിന്നെ അവര്‍ക്ക് ഈ സിനിമയില്‍ ഫേമസ് ആക്ടറെ വേണ്ടായിരുന്നു. എല്ലാവരും അറിയുന്ന ഒരു നടനെ അല്ലായിരുന്നു വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.

കാരണം അറിയുന്ന നടനാകുമ്പോള്‍ കാണുമ്പോഴേക്കും ആളുകള്‍ വിചാരിക്കും അയാളാണ് വില്ലനെന്ന്. അങ്ങനെ ഒരു പ്രീ ജഡ്ജ്‌മെന്റലോടെയായിരുക്കും ആളുകള്‍ വരുക. ഈ മൂവി തുടങ്ങുമ്പോളും മുന്നോട്ടേക്ക് കാണുമ്പോഴും ആ ഒരു ജഡ്ജ്‌മെന്റ് ഉണ്ടാകാന്‍ പാടില്ലെന്നും അതൊക്കെ കൊണ്ടാണ് എന്നെ സെലക്ട് ചെയ്തതെന്നും ബേസില്‍ പറഞ്ഞു.

എനിക്ക് തുടക്കത്തില്‍ സിനിമയുടെ പ്രൊമോഷനിലും പോസ്റ്ററിലൊന്നും എന്റെ പേര് പറയാതിരുന്നപ്പോള്‍ എനിക്ക് ചെറുതായി വിഷമം തോന്നിയിരുന്നു. ഞാന്‍ അതു ചോദിക്കുകയും ചെയ്തു എന്താ എന്നെ ഒന്നിലും കാണിക്കാത്തതെന്ന്. അപ്പോഴാണ് പറഞ്ഞത് അങ്ങനെയാണ് ഞങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതെന്ന്. ആരാണ് വില്ലനായി വരുക എന്നൊരു ഐഡിയ ഇല്ലാതെ വന്നാല്‍ പ്രേക്ഷകര്‍ക്ക് നന്നായി തോന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ എന്റെ വിഷമം മാറി,” ഗുരു സോമസുന്ദരം പറഞ്ഞു.

Content Highlight: Actor Guru soma sundaram about minnal murali fim

We use cookies to give you the best possible experience. Learn more