മലയാളത്തിന്റെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തന്റെ ശാരീരിക പരിമിതികള്‍ അതിജീവിച്ച് കൊണ്ട് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം മനസുതുറന്നത്.
നമ്മുടെ സമൂഹത്തിന് ശാരീരിക പരിമിതിയുളള ആളുകളോട് അവഗണനയാണെന്നും, ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് സീറ്റ് കിട്ടാന്‍ പോലും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും പക്രു പറഞ്ഞു. എന്നാല്‍ കുറച്ച് കാലമായി ഈ സമീപനത്തില്‍ മാറ്റം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പണ്ടത്തെ അവസ്ഥ വെച്ച് നോക്കിയാല്‍ നമ്മുടെ സമൂഹം വളരെ പുരോഗമിച്ചിട്ടുണ്ട്. ഞാന്‍ തുടങ്ങിയ സമയം അങ്ങനെ ആയിരുന്നില്ല. ഒരിക്കല്‍ എനിക്ക് തിരുവനന്തപുരത്ത് നിന്ന് ബസില്‍ കയറി ചങ്ങനാശേരി വരെ നിന്ന് വരേണ്ടി വന്നിട്ടുണ്ട്. ഇരിക്കാന്‍ സീറ്റ് തരാഞ്ഞിട്ട്. തൊട്ടടുത്ത് ഇരുന്നയാള്‍ ശകലം ഒന്ന് നീങ്ങി തന്നാല്‍ എനിക്ക് ഇരിക്കാം.
ആ സമയത്ത് കൂപ്പണിലാണ് കെ.എസ്.ആര്‍.ടി.സി യില്‍ സീറ്റ് നല്‍കിയിരുന്നത്. ആള്‍ക്കാര്‍ എന്നെ കാണുമ്പോ തന്നെ കണ്ണടച്ച് ഉറങ്ങുന്ന പോലെ ഇരിക്കും. അവസാനം ചങ്ങനാശേരി എത്തി ഒരാള്‍ എണീച്ചപ്പോഴാണ് എനിക്ക് ഇരിക്കാന്‍ പറ്റിയത്. അന്ന് ഞാന്‍ ആഗ്രഹിച്ചു എന്നെങ്കിലും ഒരു കാറ് വാങ്ങി ഈ റൂട്ടിലൂടെ വരണമെന്ന്. അന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോ ഇന്ന് സമൂഹം ഒരു പാട് മാറിയിട്ടുണ്ട്.
ഇന്ന് എന്നെ കളിയാക്കി ഒരു കമന്റ് ഇട്ട് നോക്കൂ, ഒന്നോ രണ്ടോ പേരെങ്കിലും അതിനടിയില്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് കമന്റിടും. സമൂഹം ആ രീതിയില്‍ മാറി വരുന്നുണ്ട്. പണ്ട് ഇങ്ങനെയായിരുന്നില്ല.
നിങ്ങളുടെ കൂട്ടുകാരന് എന്തേലും കുറവുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ചേര്‍ത്ത് പിടിക്കണം. എങ്കില്‍ അവന്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരും. ജീവിതകാലം മുഴുവന്‍ നിങ്ങളെ ഓര്‍ക്കുകയും ചെയ്യും. പരിമിതികള്‍ ഉള്ളവരും മുന്നോട്ട് വന്നാല്‍ മാത്രമേ ഈ രാജ്യം നന്നാവൂ.
ഒരു കുഴപ്പവും ഇല്ലാത്തവര്‍ മാത്രം ജീവിച്ചാല്‍ മതിയോ ഇവിടെ. പരിമിതിയുള്ളവര്‍ക്കും ജീവിക്കണം, അവര്‍ക്ക് നല്ല ജോലി വേണം, നല്ല കുടുംബം വേണം അവരെയും കൂടെ അക്‌സപ്റ്റ് ചെയ്യാന്‍ സമൂഹം തയാറാവണം,’ അദ്ദേഹം പറഞ്ഞു.
Content Highlight: Actor Guinness pakru sharing his struggling journey as an actor