വനിതാ പൊലീസുകാരൊക്കെ വന്ന് എന്നെ എടുക്കും, അപ്പോള്‍ ജയറാമേട്ടനും മണിച്ചേട്ടനുമൊക്കെ അവരോട് ഇതായിരുന്നു പറയാറുണ്ടായിരുന്നത്; ഓര്‍മ്മകള്‍ പങ്കുവെച്ച് ഗിന്നസ് പക്രു
കൊച്ചി: മലയാള സിനിമയില്‍ പൊക്കക്കുറവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നടനാണ് ഗിന്നസ് പക്രുവെന്ന അജയകുമാര്‍. മലയാളത്തിലും തമിഴിലുമായി നിരവധി റോളുകള്‍ ചെയ്തിട്ടുള്ള ഗിന്നസ് പക്രു ടിവി ഷോകളിലും സജീവമാണ്.
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ പക്രു തുടക്കം കാലം മുതലെ വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോ ചെയ്യാറുണ്ടായിരുന്നു. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് പക്രു ബിഹൈന്‍വുഡ്‌സിനോട്.
ചെറുതായതിനാല്‍ തന്നെ തന്നോട് എല്ലാവര്‍ക്കും പ്രത്യേക വാത്സല്യമായിരുന്നെന്ന് പറയുകയാണ് പക്രു.
‘അന്ന് ഇതുപോലെ മീശയും താടിയുമൊന്നുമില്ലല്ലോ. എല്ലാവരും എന്നെ കണ്ടാ വന്ന് എടുക്കും, സുരക്ഷയ്ക്കായുള്ള വനിതാ പൊലീസുകാരൊക്കെ. അപ്പോള്‍ ജയറാമേട്ടനും ദിലീപേട്ടനും മണിച്ചേട്ടനുമൊക്കെ പറയും അവന്റെ പ്രായമറിയോ പത്തിരുപത്തിരണ്ട് വയസുണ്ട് എന്നൊക്കെ പറയും,’ ഗിന്നസ് പക്രു പറയുന്നു.
ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍എന്ന ഗിന്നസ് റെക്കോര്‍ഡ് പക്രുവിന്റെ പേരിലാണ്. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ വേഷത്തിനാണ് ഗിന്നസ് റെക്കോര്‍ഡ് പക്രുവിനെ തേടിയെത്തിയത്.
2018 ഏപ്രില്‍ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.