ജി.പിയെന്ന ചുരുക്കപ്പേരില്‍ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ഗോവിന്ദ് പത്മസൂര്യ. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ഒരിക്കല്‍ക്കൂടി ആങ്കറിംഗ് രംഗത്ത് സജീവമാവുകയാണ് ജി.പി.
പുതുതായി ആരംഭിക്കുന്ന ഇന്ററാക്ടീവ് ബിഡ്ഡിംഗ് ഷോയായ ബസിംഗയിലൂടെയാണ് ജി.പി. തന്റെ തിരിച്ചുവരവ് നടത്തുന്നത്. ബസിംഗ ആപ്പിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ ഷോയുടേയും പിന്നില്‍.
മലയാളം ടെലിവിഷന്‍ രംഗത്ത് ഒരുപാട് വ്യത്യസ്ത പരിപാടികള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും, കുറച്ചുകാലം ടെലിവിഷന്‍ രംഗത്തുനിന്നും വിട്ടുനിന്നത് സിനിമാരംഗത്ത് ചുവടുറപ്പിക്കാനായിരുന്നെന്നും താരം പറഞ്ഞു.
ഈ ഷോയുടെ ഐഡിയ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചപ്പോള്‍ വളരെയധികം താത്പര്യം തോന്നിയെന്നും ഈ ഷോ ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജി.പി. കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഇന്ററാക്ടീവ് ബിഡ്ഡിംഗ് ഷോ അരങ്ങേറുന്നത്. ബസിംഗ ആപ്പും സീ കേരളവും ചേര്‍ന്നാണ് ഈ ഷോ ഒരുക്കുന്നത്.
ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജി.പി. ടെലിവിഷന്‍ രംഗത്ത് സജീവമാവുന്നത്. 2016, 2017 വര്‍ഷത്തെ മികച്ച അവതാരകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ജി.പി. സ്വന്തമാക്കിയിരിന്നു.
തന്റെ സിനിമ കരിയറുമായി മുന്നോട്ട് പോയ താരം ഏറെക്കാലം ടെലിവിഷന്‍ രംഗത്ത് നിന്നും വിട്ടു നിന്നിരുന്നു. എം.ജി. ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജി.പി.യുടെ സിനിമാപ്രവേശം. മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം, പ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.
മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമാലോകത്തും ശ്രദ്ധേയനായ ജി.പി. ബസിംഗയിലൂടെ ടെലിവിഷന്‍ രംഗത്ത് വീണ്ടും നിറസാനിധ്യമാകാന്‍ ഒരുങ്ങുകയാണ്.