നടി ദിവ്യ പിള്ളയെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ഗോവിന്ദ് പത്മസൂര്യ. ചാനല്‍ പരിപാടിക്ക് വേണ്ടി എടുത്ത ഫോട്ടോയാണ് താനും ദിവ്യയും വിവാഹിതരായെന്ന രീതിയില്‍ പ്രചരിക്കുന്ന ഫോട്ടോയെന്നും ജി.പി വ്യക്തമാക്കി. വനിത ഓണ്‍ലൈനോടാണ് താരം പ്രതികരണം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജി.പി വിവാഹിതനായെന്ന രീതിയില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്
‘സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്. അതിനിടയില്‍ എപ്പോഴോ എടുത്ത ചിത്രം. ആ ചിത്രം മുന്‍നിര്‍ത്തിയാണ് എന്റെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
വര്‍ഷത്തില്‍ എന്നെ പല തവണ ‘കല്യാണം കഴിപ്പിക്കുന്ന’ സോഷ്യല്‍ മീഡിയയോട് ഞാന്‍ വീണ്ടും പറയട്ടെ. ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്,’ ജിപി പറഞ്ഞു.
എന്റെ പ്രിയപ്പെട്ട പല സുഹൃത്തുക്കളുമായി ചേര്‍ത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ട്. അതേ സുഹൃത്തുക്കളെ തന്നെ ജി.പി ഇതാ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞവരുമുണ്ട്.
എന്തായാലും അങ്ങനെയൊരു നല്ലകാര്യം ഇപ്പോഴൊന്നും സംഭവിക്കാന്‍ ഇടയില്ല. എന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ ഞാന്‍ തന്നെ നേരിട്ട് അറിയിക്കുന്നതാണെന്നും ജി.പി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക