ഞാന്‍ ആഗ്രഹിച്ച സിനിമകള്‍ മലയാളത്തില്‍ ലഭിക്കാത്തതുകൊണ്ടാണ് തെലുങ്കിലേക്ക് പോയത്: ഗോവിന്ദ് പദ്മസൂര്യ
Entertainment news
ഞാന്‍ ആഗ്രഹിച്ച സിനിമകള്‍ മലയാളത്തില്‍ ലഭിക്കാത്തതുകൊണ്ടാണ് തെലുങ്കിലേക്ക് പോയത്: ഗോവിന്ദ് പദ്മസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd June 2023, 5:50 pm

താന്‍ ആഗ്രഹിച്ച സിനിമകള്‍ മലയാളത്തില്‍ ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദ് പദ്മസൂര്യ (ജി.പി.). നല്ല ഓഫറുകള്‍ തെലുങ്കില്‍ നിന്ന് വരുന്നത് കൊണ്ടാണ് തെലുങ്കില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തതെന്ന് ജി.പി. പറഞ്ഞു. അല്ലു അര്‍ജുന്‍, നാഗാര്‍ജുന, നാനി ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളില്‍ ലീഡ് റോള്‍ വരെ ചെയ്യുന്നൊരു സ്‌പേസിലേക്ക് താന്‍ എത്തിയിരിക്കുന്നുവെന്നും നടന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ചെയ്ത അവസാന മലയാള സിനിമ 2016-ല്‍ ഇറങ്ങിയ പ്രേതമാണ്. അതിന് ശേഷം തെലുങ്ക് സിനിമകളാണ് ഞാന്‍ ചെയ്തത്. അതിനുള്ള കാരണം, ഞാന്‍ ആഗ്രഹിച്ച മലയാള സിനിമകള്‍ എനിക്ക് വന്നിട്ടില്ല എന്നതുകൊണ്ടും ആഗ്രഹിച്ചതിനേക്കാള്‍ നല്ല സിനിമകള്‍ തെലുങ്കില്‍ നിന്ന് വരുന്നതും കൊണ്ടാണ്.

അല്ലു അര്‍ജുന്‍, നാഗാര്‍ജുന സര്‍, നാനി ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളില്‍ ലീഡ് റോള്‍ വരെ ചെയ്യുന്നൊരു സ്‌പേസിലേക്കിപ്പോള്‍ തെലുങ്കില്‍ വന്നെത്തിയിരിക്കുന്നു.

ഞാനവസാനം ചെയ്തത് നാനി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ നായകനായിട്ടുള്ള വേഷമാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ ചെയ്യുമ്പോള്‍ ഒരു നായകവേഷത്തില്‍ അല്ലെങ്കില്‍ ഒരു വലിയ സിനിമയില്‍ വളരെ പ്രാധാന്യമുള്ളൊരു റോള്‍ ചെയ്യണമെന്നാണ്.

എന്റെ മനസിലുണ്ടായിരുന്നത് ഒരു കമേഴ്ഷ്യല്‍ സിനിമ എന്നുള്ളതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായിട്ടും എന്റര്‍ടെയ്ന്‍മെന്റ് സ്‌പേസിലുള്ളൊരു ആഘോഷ സിനിമയുടെ ഭാഗമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ‘ ജി.പി. പറഞ്ഞു.

രാജേഷ് കെ രാമന്‍ സംവിധാനം ചെയ്യുന്ന ‘നീരജ’യാണ് ജി.പിയുടെ ഏറ്റവും പുതിയ മലയാള സിനിമ. ശ്രുതി രാമചന്ദ്രന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ ജിനു ജോസഫ്, ശ്രിന്ദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് കൂടി സംസാരിക്കുകയാണ് ജി.പി.

വളരെ യാദൃശ്ചികമായാണ് നീരജ എന്ന സിനിമ എന്നെ തേടിവരുന്നത്. ഈ സിനിമ ഞാനെടുക്കാന്‍ രണ്ട് കാരണങ്ങളാണ്. ഒന്ന് ഈ സിനിമയിലെ അണിയറപ്രവര്‍ത്തകരുടെ സത്യസന്ധത. എന്നോടവര്‍ വളരെ കൃത്യമായി പറഞ്ഞു, ഞാന്‍ ഈ സിനിമയില്‍ ഒരു പാട്ടില്‍ മാത്രമേയുള്ളൂവെന്ന്.

പക്ഷേ എന്റെ പ്രസന്‍സ് സിനിമയിലുടനീളമുണ്ടെന്ന്. ഞാനാണ് സിനിമയിലെ പ്രധാന കോണ്‍ഫ്‌ളിക്ടെന്ന്. മൂന്ന് മിനുട്ടില്‍ ഒരു ഇംപാക്ട് ഉണ്ടാക്കി പോകണമെന്ന്. ഒരു നടനെന്ന നിലയില്‍ അതെനിക്ക് വളരെ ചലഞ്ചിങ് ആയി തോന്നി.

രണ്ടാമത്തെ കാര്യം സിനിമയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആളുകള്‍ ഡിസ്‌കസ് ചെയ്യണമെന്നാഗ്രഹിക്കുകയും എന്നാല്‍ ഡിസ്‌കസ് ചെയ്യാന്‍ മടിക്കുകയും ചെയ്യുന്ന ഒന്നാണെന്ന് തോന്നിയതുകൊണ്ടാണ്, ‘ ജി.പി. പറഞ്ഞു.


Content Highlights: Actor Govind Padmasoorya about movies