| Saturday, 6th February 2021, 6:05 pm

തിയേറ്ററില്‍ കണ്ടപ്പോള്‍ അഭിനയത്തില്‍ ഒരു സംതൃപ്തി തോന്നിയില്ല; പിന്നീട് ആലോചിച്ചപ്പോള്‍ കാര്യം മനസ്സിലായി; ലവ് സിനിമയെ കുറിച്ച് ഗോകുലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന സിനിമ ഇറങ്ങിയത് മുതല്‍ പ്രേക്ഷകരെല്ലാം ഒരുപോലെ പ്രശംസിക്കുന്നത് ചിത്രത്തിലെ ഗോകുലന്റെ പ്രകടനമാണ്. ആത്മഹത്യ ചെയ്യാന്‍ നോക്കി നടക്കുന്ന കിളി പോയ കഥാപാത്രത്തെ തികഞ്ഞ തന്മയത്വത്തോടെ എന്നാല്‍ സിനിമ ആവശ്യപ്പെടുന്ന ആ സസ്‌പെന്‍സും ഒളിപ്പിച്ചു വെച്ച് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഗോകുലനായിരുന്നു.

ഇപ്പോള്‍ ലവ് സിനിമാനുഭവത്തെ കുറിച്ചും സ്വന്തം അഭിനയത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗോകുലന്‍. എല്ലാവരും അഭിനന്ദിച്ചെങ്കിലും തന്റെ അഭിനയത്തില്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ അഭിനയത്തില്‍ വലിയ തൃപ്തി തോന്നിയില്ലെന്നാണ് നടന്‍ പറയുന്നത്. പിന്നീട് ഭാര്യയുടെ ഒരു കമന്റ് കേട്ടപ്പോഴാണ് എന്താണ് തൃപ്തി തോന്നാത്തതെന്ന് മനസ്സിലായതെന്നും ഗോകുലന്‍ പറയുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡയലോഗുകള്‍ എഴുതിയിട്ടുണ്ടായിരുന്നെങ്കിലും അതുപോലെ തന്നെയല്ല പറഞ്ഞത്. എനിക്ക് കംഫര്‍ട്ടബിള്‍ ആകുന്ന തരത്തില്‍ ഡയലോഗുകളില്‍ ചെറിയ മാറ്റം വരുത്തി. ചില ഇമോഷന്‍സ് എനിക്ക് ഈസിയായി ചെയ്യാന്‍ പറ്റി. ചിലത് നല്ല ടഫ് ആയിരുന്നു. കുറെ ടേക്ക് പോയിട്ടുണ്ട്. അങ്ങനെ ചെയ്തുചെയ്ത് ആണ് ഞാന്‍ സെറ്റ് ആയത്.

സത്യത്തില്‍ തിയറ്ററില്‍ ഇപ്പോള്‍ കാണുമ്പോഴും ഞാന്‍ സംതൃപ്തനല്ല. റഹ്മാനിക്ക പറഞ്ഞ ആ ഡെപ്തില്‍ അതു വന്നിട്ടുണ്ടോ എന്ന് സംശയം തോന്നും. ഞാനത് ഭാര്യയോട് പറഞ്ഞു. അവളുടെ കമന്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അവള്‍ പറഞ്ഞു, ഗോകുല്‍ ചേട്ടന്‍ അഭിനയിച്ചിട്ടില്ലല്ലോ, എന്നോട് പെരുമാറുന്ന പോലെയൊക്കെത്തന്നെയല്ലേ ഉള്ളൂ. ആലോചിച്ചപ്പോള്‍ എനിക്കും തോന്നി, ശരിയാണല്ലോ, ഞാന്‍ അഭിനയിച്ചിട്ടില്ലല്ലോ. അതാണ് എനിക്ക് സംതൃപ്തി വരാത്തത്.

സത്യത്തില്‍ ഞാന്‍ സാധാരണ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണല്ലോ അഭിനയിച്ചു എന്നു തോന്നുക. അതൊരു പക്ഷേ, ഓരോ ആക്ടേഴ്‌സിന്റെ കാഴ്ചപ്പാട് ആയിരിക്കും. ആ ക്യാരക്ടറില്‍ രണ്ട് ഇമോഷന്‍സ് ഉണ്ട്. ഒരു വശത്ത് സുഹൃത്തിനോടുള്ള സ്‌നേഹം, ആത്മാര്‍ഥത. മറുവശത്ത് ഇങ്ങനത്തെ ഭാര്യയെ കൊല്ലേണ്ടതാണെന്ന തോന്നല്‍. ഇത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാല്‍ ആകെ പാളിപ്പോകും. ഞാന്‍ ശരിക്കും വെള്ളം കുടിച്ചു പോയി. ഒന്നു കൂടി അവസരം കിട്ടിയാല്‍ ഒരു വട്ടം കൂടി ചെയ്യാമെന്നു തോന്നില്ലേ. ആ ഫീലാണ്. എന്തായാലും ആ ക്യാരക്ടര്‍ ആളുകള്‍ തിരിച്ചറിയുന്നതില്‍ സന്തോഷം,’ ഗോകുലന്‍ പറഞ്ഞു.

ഒരു ഫ്‌ളാറ്റില്‍ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് ലവ് സിനിമ പറയുന്നത്. സസ്‌പെന്‍സും ട്വിസ്റ്റുകളും മാറിമറിയുന്ന ചിത്രത്തില്‍ കുറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ഗോകുലന്‍, വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലുള്ളത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള സിനിമയാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ വിജയം നേടിയ അഞ്ചാം പാതിരയ്ക്ക് ശേഷമാണ് ആഷിഖ് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Gokulan about Malyalam movie Love acting experience

We use cookies to give you the best possible experience. Learn more