സിനിമാക്കാരനാണെന്ന ഒറ്റക്കാരണം കൊണ്ട് വര്‍ഷങ്ങളോളം പെണ്ണ് അന്വേഷിച്ച് നടക്കേണ്ടി വന്നെന്നും സിനിമയില്‍ അഭിനയിക്കുന്ന ആളായതുകൊണ്ട് തന്നെ പെണ്ണ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നെന്നും പറയുകയാണ് നടന്‍ ഗോകുലന്‍.
ഉണ്ടയുടെ സെറ്റില്‍ വെച്ച് എന്താണ് കല്യാണം കഴിക്കാത്തത് എന്ന് മമ്മൂക്ക ചോദിച്ചിരുന്നെന്നും സിനിമക്കാരനായതുകൊണ്ട് പെണ്ണുകിട്ടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായിരുന്നെന്നും ഗോകുലന്‍ നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘കഴിഞ്ഞ മേയിലാണ് എന്റെ വിവാഹം കഴിയുന്നത്. മൂന്ന് വര്‍ഷമായി ഞാന്‍ പെണ്ണ് അന്വേഷിച്ചുള്ള ഓട്ടത്തിലായിരുന്നു. സിനിമാ നടനായതുകൊണ്ട് പെണ്ണ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഉണ്ടയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക എന്നോട് വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചു.
സിനിമാനടനായതുകൊണ്ടാണ് പെണ്ണ് കിട്ടാത്തതെന്ന് പറഞ്ഞപ്പോള്‍ ‘ഇപ്പോഴും അങ്ങനെ ഒക്കെ ഉണ്ടോ’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ആലോചനയുമായി പോകുമ്പോള്‍ സിനിമാ നടനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അവര്‍ ചോദിക്കുന്നത് വേറെ എന്തുജോലിയാ ചെയ്യുന്നത് എന്നാണ്.
ഞാന്‍ അപ്പോള്‍ അവരോട് പറയും. ഇത് തന്നെയാണ് എന്റെ ജോലി എന്ന്. സിനിമ കൊണ്ട് ജീവിക്കാന്‍ കഴിയുന്ന വരുമാനം ഉണ്ട് എന്നുപറഞ്ഞാലും അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അറിയിക്കാം എന്നുപറഞ്ഞ് അവര്‍ വിളിക്കില്ല. ഏകദേശം മൂന്ന് വര്‍ഷം ഞാന്‍ പെണ്ണാലോചിച്ചു നടന്നു.
ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് പെണ്ണ് കാണാന്‍ പോയത്. രണ്ടുമാസം കഴിഞ്ഞു മെയില്‍ വിവാഹം നടത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിരൂക്ഷമായ സമയമായിരുന്നു അത്. എന്റെ ഒരു ചേട്ടന്‍ ലക്ഷദ്വീപില്‍ ജഡ്ജ് ആണ്. അദ്ദേഹത്തിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും കഴിഞ്ഞില്ല. ഇരുപതോളം പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്, ഗോകുലന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: actor gokulan about his marriage and actor mammootty