| Friday, 5th March 2021, 11:29 am

'ലൗ'വില്‍ നിന്ന് പിന്മാറിയാലോ എന്ന് വരെ ആലോചിച്ചു, വിചാരിച്ചപോലെ അഭിനയിക്കാന്‍ സാധിച്ചിരുന്നില്ല; അനുഭവം പങ്കുവെച്ച് ഗോകുലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിബ്രൂട്ടന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാള സിനിമാ ആസ്വാദകരുടെ പ്രിയ താരമായി മാറിയ ആളാണ് ഗോകുലന്‍. തുടര്‍ന്ന് ആമേന്‍, ഉണ്ട, അനുരാഗക്കരിക്കിന്‍ വെള്ളം, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങി 25 ഓളം ചിത്രങ്ങളിലൂടെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് നല്‍കാന്‍ ഗോകുലനായി.

ഏറ്റവും ഒടുവില്‍ ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങിയ ലൗവിലൂടെ അഭിനയത്തിന്റെ മറ്റൊരു തലം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുകയാണ് ഗോകുലന്‍.

നായക കഥാപാത്രമായ ഷൈന്‍ ടോം ചാക്കോയേക്കാള്‍ ഒരുപിടി മുകളില്‍ നില്‍ക്കുന്ന കഥാപാത്രമായിരുന്നു ലൗവില്‍ ഗോകുലന്റേത്. ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന, ജീവിതം കൈവിട്ടുപോയ ചെറുപ്പക്കാരന്റെ കഥാപാത്രത്തെ ഗോകുലന്‍ ചിത്രത്തില്‍ അവിസ്മരണീയമാക്കി.

എന്നാല്‍ ആ കഥാപാത്രത്തെ അത്ര അനായാസമായി അവതരിപ്പിക്കാന്‍ തുടക്കത്തില്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും താന്‍ വിചാരിച്ചതിലും അപ്പുറത്തായിരുന്നു കഥാപാത്രമെന്നും ഷൂട്ട് ചെയ്ത ആദ്യ ദിവസങ്ങളിലൊന്നും വ്യക്തിപരമായി തനിക്ക് ഒരു സംതൃപ്തിയും തോന്നിയിരുന്നില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുലന്‍ പറയുന്നുണ്ട്. സിനിമയില്‍ നിന്ന് പിന്മാറിയാലോ എന്ന് വരെ ഒരു ഘട്ടത്തില്‍ തോന്നിയിരുന്നെന്നാണ് ഗോകുലന്‍ പറയുന്നത്.

‘സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച് നാലാമത്തെ ദിവസമാണ് ഞാന്‍ ടീമിനൊപ്പം ചേരുന്നത്. കഥാപാത്രത്തെപ്പറ്റി റഹ്മാനിക്ക പറഞ്ഞുതന്ന ഒരു ധാരണവെച്ചാണ് അഭിനയിക്കാനെത്തുന്നത്. ഒന്നുരണ്ട് സീനുകള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോഴാണ് റഹ്മാനിക്ക കഥാപാത്രത്തെപ്പറ്റി കുറേക്കൂടി വിശദമായി പറഞ്ഞുതരുന്നത്.

അത് കേട്ടുകഴിഞ്ഞപ്പോളാണ് വിചാരിച്ചുവെച്ചതിനും അപ്പുറത്താണ് എന്റെ കഥാപാത്രമെന്ന് മനസ്സിലായത്. കഥാപാത്രത്തെ അത്രയും ആഴത്തില്‍ അവതരിപ്പിക്കുക വളരെ ബുദ്ധിമുട്ടായിത്തീര്‍ന്നു. കുറച്ചു ദിവസം കഴിഞ്ഞിട്ടും വിചാരിച്ചപോലെ വര്‍ക്കാവുന്നില്ലെന്ന് മനസ്സിലായി.

വ്യക്തിപരമായി ഒട്ടും സംതൃപ്തി കിട്ടുന്നില്ല. പിന്മാറിയാലോ എന്നൊക്കെ ആലോചിച്ചു. പൂര്‍ണമായും കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ശ്രമമായി പിന്നെ. സിനിമയുടെ സ്ഥലവും സാങ്കേതിക കാര്യങ്ങളുമൊന്നും എന്റെ ശ്രദ്ധയിലേ ഉണ്ടായിരുന്നില്ല. കഥാപാത്രത്തെ പരമാവധി മികച്ചതാക്കി പുറത്തുകൊണ്ടുവരാനുള്ള വഴികളാലോചിച്ചു.

ഷൂട്ടിങ് തുടങ്ങി സിനിമ റിലീസാകുന്നതുവരെയും ആ കഥാപാത്രത്തിനകത്തായിരുന്നു ഞാന്‍. സിനിമയിലെ മറ്റുതാരങ്ങളും ഇതേ അവസ്ഥയിലൂടെത്തന്നെയാണ് കടന്നുപോയതെന്നാണ് മനസ്സിലാക്കുന്നത്. കഥ ആവശ്യപ്പെടുന്ന ഒരു സീരിയസ്‌നെസ് എല്ലാ കഥാപാത്രങ്ങളിലുമുണ്ടായിരുന്നു. ഓരോരുത്തരും ഓരോ വിധത്തിലായിരുന്നു സപ്പോര്‍ട്ട് തന്നത്. റഹ്മാനിക്കയായാലും കോ-റൈറ്ററായ നൗഫലിക്കയായാലും ഷൈന്‍, സുധി എന്നിവരായാലും കൂടെനിന്ന് ധൈര്യം പകര്‍ന്നു, ഗോകുലന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actor Gokulan About His Character and experiance on Love Movie

We use cookies to give you the best possible experience. Learn more