Movie Day
കിങ് ആന്‍ഡ് കമ്മീഷണറില്‍ അച്ഛന് കിട്ടിയ പ്രാധാന്യം കൊത്തയില്‍ എനിക്ക് പ്രതീക്ഷിക്കരുത്: ഗോകുല്‍ സുരേഷ്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരന്നിരുന്നു. മമ്മൂട്ടി-ജോഷി-സുരേഷ് ഗോപി ഇവരുടെ മക്കള്‍ ഒന്നിക്കുമ്പോഴുണ്ടായ പ്രതീക്ഷയും വലുതായിരുന്നു.
ടോണി എന്ന പൊലീസുകാരനായാണ് ചിത്രത്തില്‍ ഗോകുല്‍ എത്തിയത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷിന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യം ലഭിച്ചു എന്നുള്ള ചര്‍ച്ചകളൊക്കെ സജീവമാണ്. കൊത്തയില്‍ തന്റെ കഥാപാത്രത്തെ പ്ലേസ് ചെയ്ത രീതിയെ കുറിച്ച് സംസാരിക്കുകയാണ് ഗോകുല്‍ സുരേഷ്.
കിങ് ആന്‍ഡ് കമ്മീഷണറില്‍ അച്ഛന് ചെയ്ത പൊലൊരു കഥാപാത്രമോ അത്രത്തോളം പ്രധാന്യമോ കൊത്തയില്‍ തന്റെ കഥാപാത്രത്തിന് പ്രതീക്ഷിക്കരുതെന്നാണ് ഗോകുല്‍ പറയുന്നത്. ധ്രുവം സിനിമയില്‍ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ മീറ്റര്‍ എത്രയായിരുന്നോ ഏതാണ്ട് അതേ മീറ്റര്‍ തന്നെയാണ് കൊത്തയിലും പിടിച്ചിട്ടുള്ളതെന്നാണ് താരം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.
‘ധ്രുവം സിനിമയില്‍ അച്ഛന് എത്രത്തോളം ക്യാരക്ടര്‍ ഇംപോര്‍ട്ടന്‍സ് ഉണ്ടോ, അത് അച്ഛന്റെ ഗ്രോയിങ് സ്‌റ്റേജ് കൂടിയായിരുന്നു. അതുപോലെത്തെ ഒരു പാറ്റേണിലാണ് എന്നേയും ട്രീറ്റ് ചെയ്തിരിക്കുന്നത്. അല്ലാതെ ഒരു കിങ് ആന്‍ഡ് കമ്മീഷണറിലൊക്കെയുള്ള മമ്മൂക്ക-സുരേഷ് ഗോപി കോമ്പോ പോലെയല്ല വര്‍ക്ക് ചെയ്തിരിക്കുന്നത്. ആ ഒരു മീറ്റര്‍ തന്നെയാണ് കറക്ട് എന്നാണ് എനിക്കും തോന്നിയത്.
എന്റെ അച്ഛന്‍ ചെയ്തുഫലിപ്പിച്ച ഒരു വേഷം എനിക്ക് ആദ്യമായി അണിയാന്‍ പറ്റിയ വേദിയായിരുന്നു കിങ് ഓഫ് കൊത്ത. അച്ഛന്‍ സിനിമയില്‍ ചെയ്തുവെച്ച ഒരു കഥാപാത്രവും നോക്കിയിട്ടല്ല ഞാന്‍ കൊത്തയിലേക്ക് വന്നത്.
ആകെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം യൂണിഫോം പെര്‍ഫക്ട് ആവണമെന്നതായിരുന്നു. ചുളുക്കൊന്നും വരരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. നമ്മള്‍ എത്ര മണിക്കൂര്‍ ഷൂട്ട് ചെയ്യുന്നുണ്ട് എന്നൊന്നും പ്രേക്ഷകര്‍ അറിയേണ്ട കാര്യമില്ല. ചിലപ്പോള്‍ ഒരു 20 മണിക്കൂര്‍ വരെയൊക്കെ നമ്മള്‍ ഈ യൂണിഫോമിലായിരിക്കും നില്‍ക്കുക. അപ്പോള്‍ അതിന് ഒരു ചുളുക്കും വരാതിരിക്കണം. അതിന് വേണ്ടി ആറ് ഏഴ് മണിക്കൂര്‍ ഞാന്‍ ഒറ്റ നില്‍പ്പ് നിന്നിട്ടുണ്ട്.
അത് വലിയൊരു കാര്യമല്ലെന്നും അച്ഛനും ഇതൊക്കെ തന്നെയായിരുന്നു ചെയ്തത് എന്നും സെറ്റില്‍ നിന്ന് തന്നെ പലരും പറഞ്ഞ് മനസിലായി. അച്ഛന്‍ പറയാതെ തന്നെ ആ പാറ്റേണ്‍ ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. മാക്‌സിമം എന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ ഈ സിനിമയില്‍ ചെയ്തിട്ടുണ്ട്.
പിന്നെ എല്ലാ ആക്ടേഴ്‌സിനും അവര്‍ എത്ര പടം ചെയ്താലും അവരുടെ അതിന്റെ തൊട്ടുമുന്‍പുള്ള പടത്തേക്കാള്‍ നന്നായി ചെയ്യാനാണ് ശ്രമിക്കുക. ആ ഒരു ഉദ്ദേശശുദ്ധിയോടെ തന്നെ ഞാനും ചെയ്തിട്ടുണ്ട്.
സിനിമയില്‍ അച്ഛന്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ആരേയും പരിചയപ്പെടുത്തി തന്നിട്ടില്ല. ഉള്ള പരിചയം അച്ഛന്റെ പ്രസന്‍സിലോ അല്ലാതെയോ ഒക്കെ ഉണ്ടാക്കിയെടുത്തതാണ്. ചെറുതിലേ മുതല്‍ ഇന്‍ഡസ്ട്രിയുമായി അത്തരത്തില്‍ ബന്ധം ഉണ്ടായിട്ടില്ല.
വേണമെങ്കില്‍ നിങ്ങള്‍ക്കെന്നെ ഒരു നെപ്പോടിസ്റ്റിക് കിഡ് ആയി ടാഗ് ചെയ്യാം. പക്ഷേ അതിന്റെ ഒരു ആനുകൂല്യവും കിട്ടിയല്ല ഞാന്‍ വളര്‍ന്നത്. അച്ഛന്റെ അച്ചീവ്‌മെന്റ് തീര്‍ച്ചയായും അഭിമാനായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അല്ലാതെ ഒരു സ്റ്റാര്‍ കിഡ്‌സിന് കിട്ടിയേക്കാവുന്ന ഒരു സാധ്യതയും, ഇടപെടലും ഇന്‍ഡസ്ട്രിയുമായി ഉണ്ടായിട്ടില്ല. പലരേയും സിനിമയില്‍ എത്തിയ ശേഷം മാത്രമാണ് ഞാന്‍ പരിചയപ്പെടുന്നത് പോലും,’ ഗോകുല്‍ സുരേഷ് പറഞ്ഞു.
Content Highlight: Actor Gokul Suresh about his Character Importance of King of kotha