| Friday, 24th July 2020, 12:55 pm

പദ്മശ്രീ പട്ടികയില്‍ നിന്ന് എന്റെ പേര് വെട്ടി നടന്‍ മധുവിന്റെ പേര് ചേര്‍ത്തു; പാലോട് രവിക്കെതിരെ നടന്‍ ജി.കെ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീക്ക് ശുപാര്‍ശ ചെയ്ത പട്ടികയില്‍ നിന്നും തന്റെ പേര് മനഃപൂര്‍വ്വം വെട്ടിയെന്ന ആരോപണവുമായി നടന്‍ ജി. കെ പിള്ള. അന്നത്തെ എം.എല്‍.എ യായിരുന്ന പാലോട് രവിയാണ് സംഭവത്തിന് പിന്നിലെന്നും തന്റെ പേര് വെട്ടിയാണ് നടന്‍ മധുവിന്റെ പേര് ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലക്കം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012ല്‍ വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയുമായിരിക്കുന്ന കാലത്താണ് പത്മശ്രീ നല്‍കാനുള്ള പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത്. പാലോട് രവി മുഖ്യമന്ത്രിയെ സ്വാധീനിച്ച് തന്റെ പേര് വെട്ടുകയായിരുന്നെന്നാണ് ജി കെ പിള്ള പറയുന്നത്.

‘ 2012ല്‍ വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍, ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്റെ പേര് പത്മശ്രീ നല്‍കാന്‍ കേന്ദ്രത്തിന് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ ആ വര്‍ഷം എനിക്ക് കിട്ടിയില്ല. പാലോട് രവി എന്ന് പറയുന്ന എം.എല്‍.എ ഉമ്മന്‍ ചാണ്ടിയെ സ്വാധീനിച്ച് എന്നേക്കാള്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് സിനിമയില്‍ വന്ന മധുവിന് കൊടുത്തു,’ ജി. കെ പിള്ള പറഞ്ഞു.

മധു പ്രഗത്ഭനാണ്, പുരസ്‌കാരത്തിന് അര്‍ഹനുമാണ്, പക്ഷേ എന്റെ പേര് വെട്ടിയിട്ട് വേണമായിരുന്നോ മധുവിന് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് നേരെ ഇത്തരത്തിലൊരു നീക്കമുണ്ടായതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെയാണല്ലോ. പക്ഷേ, ഇന്നു വരെ അവരൊന്നും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. എന്നെയൊന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഹരിപ്പാട് പോയി തകര്‍ത്ത് പ്രസംഗിച്ചിട്ടുള്ളയാളാണ് താനെന്നും അന്ന് ചെന്നിത്തലക്ക് 25 വയസ്സ് മാത്രമാണ് പ്രായമെന്നും ജി.കെ പിള്ള പറഞ്ഞു.

‘രമേശ് ചെന്നിത്തലയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഹരിപ്പാട് പോയി തകര്‍ത്ത് പ്രസംഗിച്ചിട്ടുള്ളവനാണ് ഞാന്‍. അന്നയാള്‍ക്ക് 25 വയസ്. ഇന്നുവരെ ഇവരാരും എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല. ഞങ്ങളെപ്പോലുള്ളവരുടെ പെന്‍ഷന്‍ കാര്യങ്ങള്‍ക്ക് വേണ്ടി ഇവരുടെയൊക്കെ ഓഫീസില്‍ കേറിയിറങ്ങിയിട്ടും നോക്കാം ശരിയാക്കാം എന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്. ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ പോലും നോക്കാം എന്ന മറുപടിക്കപ്പുറം ഒന്നും നടന്നിട്ടില്ല,’ ജി. കെ പിള്ള പറഞ്ഞു.

കെ. പി സുധീരന്‍, വയലാര്‍ രവി കെ കരുണാകരന്‍, എ.കെ ആന്റണി തെന്നല ബാലകൃഷ്ണന്‍, തുടങ്ങി നിരവധി പേരുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇവരാരും ആര്‍ക്കു വേണ്ടിയും ശുപാര്‍ശ നടത്താത്തവരൊന്നുമല്ലെന്നും ജി.കെ പിള്ള ആരോപിക്കുന്നു. അവരുടെ മക്കളെയും സില്‍ബന്ധികളെയും പലയിടത്തും പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ഇടതുപക്ഷം ഇന്ന് തന്നോട് കാണിക്കുന്ന സ്‌നേഹവും അംഗീകാരവും വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് തങ്ങളെ പോലുള്ളവരെ ഓര്‍മ വരുന്നത്. ഇപ്പോള്‍ ആ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നു എന്നത് ചിന്തിക്കേണ്ടതാണെന്നും ജി കെ പിള്ള പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more